മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിചേർക്കാനൊരുങ്ങി ഇ.ഡി
|ആം ആദ്മി പാർട്ടിയെ പ്രതിചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു സുപ്രീംകോടതിയെ അറിയിച്ചു
ഡൽഹി: മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഇ.ഡി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് സുപ്രീംകോടതിയിൽ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ തവണ ഈ ഹരജികൾ പരിഗണിച്ചപ്പോൾ എന്തുകൊണ്ട് ആം ആദ്മി പാർട്ടിയെ പ്രതിചേർക്കുന്നില്ലെന്ന് സുപ്രീം കോടതി ഇ.ഡിയോട് ചോദിച്ചിരുന്നു. മദ്യനയക്കേസിൽ ഒരു പാർട്ടിയാണ് എല്ലാ ലാഭവും സ്വന്തമാക്കിയെന്ന ആരോപണം നിലിൽക്കെ ഇതിലൊരു വിശദീകരണം നൽകണമെന്നും ഇ.ഡിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇ.ഡി സ്വന്തം നിലയക്ക് നിയമോപദേശം തേടിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിചേർക്കാൻ ആലോചിക്കുന്നതായി ഇ.ഡി കോടതിയെ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന് ആലോചിച്ചു വരികയാണെന്നും അഡീഷണൽ സോളിസ്റ്റർ ജനറൽ പറഞ്ഞു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആരോപണമാണ് ആം ആദ്മി പാർട്ടി നേരിടുന്നത്. മനീഷ് സിസോദിയ ഫെബ്രുവരി 26 നാണ് സി.ബി.ഐ കസ്റ്റഡിയിലാവുന്നത്. പിന്നീട് മാർച്ച് 9ന് ഇദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ആം ആദ്മി എം.പി സഞ്ജയ് സിംഗിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയെ കൂടി പ്രതിചേർക്കുമ്പോൾ പാർട്ടി ഭാരവാഹികളെ കൂടി കേസിൽ പ്രതിചേർക്കും, ഇതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലാവും.