India
ജയിലില്‍ കഴിയുമ്പോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നതായി ഇ.ഡി
India

ജയിലില്‍ കഴിയുമ്പോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നതായി ഇ.ഡി

Web Desk
|
17 Aug 2022 7:21 AM GMT

തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിനാണെന്ന് ഇ.ഡി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

ഡല്‍ഹി: 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍‌പ്പിച്ചു. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് നടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിനാണെന്ന് ഇ.ഡി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിപ്പ് നടത്തിയെന്ന് പറയപ്പെടുന്ന പണം ചന്ദ്രശേഖർ എങ്ങനെ ഉപയോഗിച്ചുവെന്ന് ഇ.ഡിയുടെ ആദ്യ കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു. തട്ടിയെടുത്ത തുകയിൽ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് ജാക്വലിന് അറിയാമായിരുന്നുവെന്നും ഇ.ഡി പറയുന്നു. വീഡിയോ കോളിലൂടെ ജാക്വലിൻ ഫെർണാണ്ടസ് സുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ വെളിപ്പെടുത്തുന്നു. നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി സുകേഷും സമ്മതിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും സുകേഷ് ജാക്വിലിനുമായി നിരന്തരം സംസാരിച്ചിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്‍റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.

തിഹാർ ജയിലിൽ കഴിയവെയാണ് സുകേഷ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഫോർടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്‍റെ ഭാര്യ അദിതി സിങ്ങിനെയാണ് ഇയാൾ ഫോൺ വഴി ആദ്യം ബന്ധപ്പെട്ടത്. നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയ ശേഷം ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാം എന്ന് ഭാര്യയ്ക്ക് വാഗ്ദാനം നൽകുകയായിരുന്നു. ഇതിനായി അദിതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സുകേഷിന്‍റെ ഭാര്യ ലീന മരിയ പോള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Similar Posts