India
നാഷണല്‍ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ്
India

നാഷണല്‍ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ്

Web Desk
|
1 Jun 2022 8:10 AM GMT

പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലെന്നു കോൺഗ്രസ്

ഡല്‍ഹി: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ്. നാഷണല്‍ ഹെറാൾഡ് കേസിലാണ് നോട്ടീസ്. പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ബിജെപി ആക്രമിക്കുക്കയാണ്. രാഷ്ട്രീയ എതിരാളികളെ ഇ.ഡി അടക്കമുള്ള ഏജൻസികളെ കൊണ്ട് ദ്രോഹിക്കുകയാണെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നാരോപിച്ച് സോണിയക്കും രാഹുലിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് കേസ് നൽകിയിരുന്നത്. കോടികളുടെ ആസ്തിയുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് ഇരുവരും തട്ടിയെടുത്തു എന്നാണ് സ്വാമി ആരോപിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമി പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ 269 ടി വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2010ൽ അഞ്ചു ലക്ഷം രൂപ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

1937 നവംബർ 20 ന് ജവഹർലാൽ നെഹ്‍റുവിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. മൂന്നു പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിനു കീഴില്‍ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണൽ ഹെറാൾഡ് (ഇംഗ്ലീഷ്), ഖൗമി ആവാസ് (ഉറുദു), നവജീവൻ ഹിന്ദി (ഹിന്ദി) എന്നിവ.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്ന് വാഴ്ത്തപ്പെട്ടിരുന്ന 'നാഷണൽ ഹെറാൾഡ്' പ്രസിദ്ധീകരണത്തിന്‍റെ 70ാം വർഷമായ 2008 ഏപ്രിൽ ഒന്നിനാണ് അച്ചടി നിർത്തിയത്. നാഷണൽ ഹെറാൾഡിനേക്കാൾ കൂടുതൽ കോപ്പികൾ 'ഖൗമി ആവാസി'നുണ്ടായിരുന്നു. എന്നാൽ നാഷനൽ ഹെറാൾഡിനൊപ്പം ക്വാമി ആവാസിനും പൂട്ടുവീണു.

Similar Posts