അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
|ഇ.ഡി ഉദ്യോഗസ്ഥനായ അലോക് കുമാർ രഞ്ജന്റെ മൃതദേഹമാണ് ഡൽഹിക്ക് സമീപം ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
ന്യൂഡൽഹി: അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. ഇ.ഡി ഉദ്യോഗസ്ഥനായ അലോക് കുമാർ രഞ്ജന്റെ മൃതദേഹമാണ് ഡൽഹിക്ക് സമീപം ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗാസിയാബാദിൽനിന്നുള്ള അലോക് കുമാർ ഡെപ്യൂട്ടേഷനിലാണ് ഇ.ഡിയിലെത്തിയത്. നേരത്തെ ആദായ നികുതി വകുപ്പിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അഴിമതിക്കേസിൽ അലോക് കുമാറിനെ സി.ബി.ഐ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
ഇ.ഡി ഡയറക്ടർ സന്ദീപ് സിങ്ങിനെ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അലോക് കുമാറിന് പങ്കുണ്ടെന്ന് സി.ബി.ഐക്ക് സൂചന ലഭിച്ചത്. മുംബൈയിലെ ജ്വല്ലറി ഉടമയോട് മകനെ അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ കൈക്കൂലി തരണമെന്ന് സന്ദീപ് സിങ് ആവശ്യപ്പെട്ടിരുന്നു. വിലപേശലിനൊടുവിൽ 20 ലക്ഷം നൽകാൻ ധാരണയായി. പണം കൈമാറുന്നതിനിടെയാണ് സന്ദീപ് സിങ് സി.ബി.ഐയുടെ പിടിയിലായത്.