ഇടക്കാല ജാമ്യം ഇഡി എതിർത്തു: കെജ്‍രിവാൾ ജയിലിലേക്ക്
|ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെജ്‍രിവാൾ തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്ന് ഇഡി കോടതിയില്‍
ഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇടക്കാല ജാമ്യം തേടി കോടതിയിൽ സമർപ്പിച്ച അപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു.
കെജ്‍രിവാൾ വസ്തുതകൾ മറച്ചുവെക്കുകയും ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെറ്റായ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെ അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
ജൂൺ രണ്ടിന് കീഴടങ്ങുമെന്ന രീതിയിൽ കെജ്‍രിവാൾ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ നടത്തിയ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വാദത്തിനു ശേഷം കേസ് വിധി പറയാനായി ജൂണ്‍ അഞ്ചിലേക്ക് മാറ്റി.
ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം ഒരാഴ്ചകൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‍രിവാൾ സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇദ്ദേഹത്തിന് സുപ്രിംകോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കും.
അറസ്റ്റിലായി 50 ദിവസങ്ങൾക്കു ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകിത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുത്, ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.