പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള പി.എം.എൽ.എ കേസിൽ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമില്ല-സുപ്രിംകോടതി
|കോടതിയിൽനിന്നു മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കസ്റ്റഡി നടപടികൾ പാടുള്ളൂവെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: ഇ.ഡിക്കെതിരെ ശക്തമായ നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. പ്രത്യേക കോടതികളുടെ പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ(പി.എം.എൽ.എ) കേസുകളിൽ പ്രതികളെ സ്വന്തം അധികാരം വച്ച് ഇ.ഡിക്ക് അറസ്റ്റ് ചെയ്യാനാകില്ലെന്ന് കോടതി. സമൻസ് പ്രകാരം പ്രതി പ്രത്യേക കോടതിയിൽ ഹാജരായിട്ടുണ്ടെങ്കിൽ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതിയിൽനിന്നു മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കസ്റ്റഡി നടപടികൾ പാടുള്ളൂവെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് ഇ.ഡിയുടെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയത്. നിയമപ്രകാരം തങ്ങൾക്കു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനാണെന്നു ബോധ്യപ്പെട്ടാൽ പ്രതികളെ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാമെന്നാണ് പി.എം.എൽ.എ നിയമത്തിലെ 19-ാം വകുപ്പിൽ പറയുന്നത്. എന്നാൽ, പ്രത്യേക കോടതി കേസ് നടപടികൾ ആരംഭിച്ച കേസുകളിൽ ഈ അധികാരം ഇ.ഡിക്കുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരായയാളെ ഇ.ഡിക്ക് കസ്റ്റഡിയിൽ വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണമെന്നും ബെഞ്ച് ഉത്തരവിട്ടു.
2023ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കേസിൽ പ്രതിയാക്കപ്പെട്ടയാൾ സമൻസ് അനുസരിച്ച് കോടതിയിൽ ഹാജരായിട്ടുണ്ടെങ്കിൽ അവർക്കു ജാമ്യം ലഭിക്കാൻ പി.എം.എൽ.എ നിയമത്തിലെ 45-ാം വകുപ്പിൽ പറയുന്ന കർശന ഉപാധികൾ പാലിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ ആവശ്യമാണെന്നു കൃത്യമായ ബോധ്യമുള്ള കാരണങ്ങളുണ്ടെങ്കിലേ കോടതിക്ക് കസ്റ്റഡി അനുവദിക്കേണ്ടതുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.
ഇ.ഡി പരാതി സമർപ്പിക്കുന്നതുവരെ അറസ്റ്റിലാകാത്ത പ്രതികളെ തുടർന്നങ്ങോട്ട് കസ്റ്റഡിയിലെടുക്കണമെങ്കിൽ പ്രത്യേക കോടതിയുടെ അനുമതി വേണം. കോടതി സമൻസ് അയയ്ക്കുകയും പ്രതി ഹാജരാകുകയും ചെയ്താൽ ഇ.ഡിക്ക് സ്വന്തം അധികാരം ഉപയോഗിച്ച് കസ്റ്റഡിയിലെടുക്കാനാകില്ല. സമൻസിനോട് പ്രതികരിച്ചില്ലെങ്കിൽ മാത്രമേ ഇ.ഡിക്ക് അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാനാകൂവെന്നും കോടതി പറഞ്ഞു.
Summary: ED can’t arrest accused after special court has taken cognizance of PMLA complaint: SC