രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടി: സ്പീക്കറെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ
|രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്ന് ഉപരോധിക്കും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇ.ഡി നടപടിക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ കാണുന്നത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും.
കോൺഗ്രസ് നേതാക്കന്മാർക്കെതിരായ പൊലീസിന്റെ കയ്യേറ്റം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്ന് ഉപരോധിക്കും. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് ഒരു ദിവസം ചോദ്യം ചെയ്യലിൽ നിന്നും ഇടവേള നൽകിയിരിക്കുകയാണ് ഇ.ഡി. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുലിനോട് ഇ.ഡി ആവശ്യപെട്ടു.
തുടർച്ചയായ മൂന്നാം ദിവസമായ ഇന്നലെ എട്ട് മണിക്കൂറിലേറെ സമയമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. ഒരു കോടി രൂപ പലിശ രഹിത വായ്പയായി യംഗ് ഇന്ത്യയ്ക്ക് ഡോടെക്സ് മെർച്ചൻഡെയ്സ് നൽകിയെങ്കിലും ഈ വായ്പാ തുക യംഗ് ഇന്ത്യ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം.
അതേസമയം തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുകയാണ് കോൺഗ്രസ്. ഇന്നലെ ലോക്സഭാ സ്പീക്കർക്ക് പ്രതിപക്ഷ നേതാവായ അധീർ രഞ്ജൻ ചൗധരി പരാതി നൽകിയിരുന്നു. ഇന്ന് രാജ്യത്തെ മുഴുവൻ ഗവർണർമാരുടെ വസതികളും ഉപരോധിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസ് പ്രതിഷേധം.