India
ED raid at Amanatullah Khans residence
India

'എന്നെ അറസ്റ്റ് ചെയ്യാൻ ഇ.ഡി എൻ്റെ വീട്ടിലെത്തിയിരിക്കുന്നു'; അമാനത്തുല്ല ഖാൻ്റെ വസതിയിൽ ഇ.ഡി റെയ്ഡ്

Web Desk
|
2 Sep 2024 4:06 AM GMT

വീടിന് പുറത്ത് ഡൽഹി പൊലീസിൻ്റെയും അർധസൈനിക വിഭാഗത്തിൻ്റെയും വലിയൊരു സംഘം നിലയുറപ്പിച്ചിരുന്നു

ന്യൂഡൽഹി: ആംആദമി പാർട്ടി എം.എൽ.എ അമാനത്തുല്ല ഖാൻ്റെ വസതിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്(ഇ.ഡി). കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഓഖ്‌ലയിലെ ഖാൻ്റെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു റെയ്ഡ്. ഇഡിയോടൊപ്പം വീടിന് പുറത്ത് ഡൽഹി പൊലീസിൻ്റെയും അർധസൈനിക വിഭാഗത്തിൻ്റെയും വലിയൊരു സംഘം നിലയുറപ്പിച്ചിരുന്നു.

ഡൽഹിയിലെ ഓഖ്ലയിൽ നിന്നുള്ള എം.എൽ.എയാണ് അമാനത്തുല്ല ഖാൻ. ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്‍ഡ്. റെയ്ഡിന് മറുപടിയായി, തന്നെയും മറ്റ് എ.എ.പി നേതാക്കളെയും കേന്ദ്രം ലക്ഷ്യമിടുന്നെന്നാരോപിച്ച് ഖാൻ സമൂഹമാധ്യമത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

'ഇന്ന് രാവിലെ, ഏകാധിപതിയുടെ ഉത്തരവ് പ്രകാരം, ഇഡി എൻ്റെ വീട്ടിൽ എത്തിയിരിക്കുന്നു. എന്നെയും എഎപി നേതാക്കളെയും ദ്രോഹിക്കാനുള്ള ഒരു അവസരവും അവർ ഒഴിവാക്കുന്നില്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കുന്നത് കുറ്റമാണോ? ഈ സ്വേച്ഛാധിപത്യം എത്രകാലം നിലനിൽക്കും?'- ഖാൻ പറഞ്ഞു.

രാവിലെ ഏഴ് മണിക്ക് ഇ.ഡി സംഘം എന്നെ അറസ്റ്റ് ചെയ്യാനായി എൻ്റെ വീട്ടിൽ എത്തി. എന്റെ ഭാര്യയുടെ മാതാവിന് കാൻസാറാണ്. നാല് ദിവസം മുമ്പ് ശസ്ത്രക്രിയ നടന്ന അവരും എൻ്റെ വീട്ടിലുണ്ട്. ഇ.ഡി അയച്ച എല്ലാ നോട്ടീസിനും ഞാൻ മറുപടി നൽകിയിട്ടുണ്ട്. എന്നെ അറസ്റ്റ് ചെയ്ത് ഞങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശമെന്നും അമാനത്തുല്ല ഖാൻ കൂട്ടിച്ചേർത്തു.

'ഈ കേസ് പൂർണമായും വ്യാജമാണ്, ഇത് സി.ബി.ഐയും ഇപ്പോൾ ഇ.ഡിയും അന്വേഷിക്കുന്നു. 2016 മുതൽ ഈ കേസ് നടന്നുകൊണ്ടിരിക്കുകയാണ്, അഴിമതി ഇടപാട് നടന്നിട്ടില്ലെന്ന് സിബിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, അവർ തനിക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണ്. ഇത് അത്തരം കേസുകളിൽ ഒന്നാണ്, അതിൻ്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യാനാണ് അവർ വന്നത്'- ഖാൻ പറഞ്ഞു.

ഇഡിയുടെ നടപടികളെ അപലപിച്ച് ഉടൻ തന്നെ എ.എ.പി നേതാക്കൾ അമാനത്തുല്ല ഖാന് വേണ്ടി രം​ഗത്തെത്തി. ഖാനെ ലക്ഷ്യമിടുന്നതിൻ്റെ കാരണം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് ആരോപിച്ചു. അമാനത്തുല്ലയ്‌ക്കെതിരെ തെളിവുകളൊന്നുമില്ല, പക്ഷേ മോദിയുടെ സ്വേച്ഛാധിപത്യവും ഇഡിയുടെ ഗുണ്ടായിസവും തുടരുകയാണെന്നും സിങ് പറഞ്ഞു.

'ബി.ജെ.പിക്കെതിരെ ഉയരുന്ന ഓരോ ശബ്ദവും അടിച്ചമർത്തുക, തകർക്കുക. ഇതിന് സഹകരിക്കാത്തവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക. ഇ.ഡിക്ക് ചെയ്യാൻ ഇനി ഇത് മാത്രമാണ് അവശേഷിക്കുന്നത്.' മദ്യനയക്കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ആംആദ്മി നേതാവ് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി നേരത്തെ 12 മണിക്കൂറിലധികം നേരം ഖാനെ ചോദ്യം ചെയ്തിരുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ താൻ വൻ രീതിയിൽ പണം സമ്പാദിച്ചതായും അവകാശപ്പെട്ടു. ഈ വരുമാനം ഖാൻ തൻ്റെ കൂട്ടാളികളുടെ പേരിൽ സ്വത്തുക്കൾ വാങ്ങാൻ നിക്ഷേപിച്ചതായും ആരോപിച്ചു.

Similar Posts