ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ സഹായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്: 2.82 കോടി രൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു
|സത്യേന്ദർ ജെയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു
ന്യൂഡൽഹി: ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിന്റെ സഹായിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പരിശോധനയിൽ 2.82 കോടി രൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. കള്ളംപ്പണം വെളുപ്പിക്കൽ കേസുമായി ഇതിന് ബന്ധമുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദ്ര ജെയിനിനെ ഇ.ഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. അതിനിടെയാണ് ജെയിനിന്റെ സഹായിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും പിടിച്ചെടുത്തത്. സത്യേന്ദർ ജെയിനിന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തിയിരുന്നു. സത്യേന്ദർ ജെയിനിന്റെ വീടിനു പുറമേ അദ്ദേഹവുമായി ബന്ധപ്പെട്ട ഡൽഹിയിലെ മറ്റുകേന്ദ്രങ്ങളിലും ഒരേസമയം റെയ്ഡ് നടന്നു. അറസ്റ്റിലായ സത്യേന്ദർ ജെയിനിനെ ജൂൺ ഒമ്പത് വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മെയ് 30നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കഴിഞ്ഞ മാസം ഇഡി കണ്ടുകെട്ടിയിരുന്നു. 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാടു നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാൻ എടുത്ത വായ്പകൾ തിരിച്ചയട്ക്കാനും മന്ത്രി ഈ പണം ഉപയോഗിച്ചതായും ഇ.ഡി പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതിനു 2017ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസെടുത്തത്.
2015-16 കാലയളവിൽ തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദർ വെളുപ്പിച്ചെന്നാണ് സിബിഐ കേസ്. പ്രയസ് ഇൻഫോ സെല്യൂഷൻസ്, അകിൻചന്ദ് ഡവലപ്പേഴ്സ്, മംഗൾയതൻ പ്രോജക്ട് എന്നീ കമ്പനികളുടെ പേരിൽ നടന്ന ഇടപാടുകളാണു സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. സത്യേന്ദറിന്റെ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.