India
Dharam Singh Chhoker

ധരം സിംഗ് ചോക്കര്‍

India

ആഡംബരക്കാറുകളും ആഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും; കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

Web Desk
|
1 Aug 2023 2:51 AM GMT

ചോക്കറിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള സായ് ഐന ഫാർമ പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ മഹിറ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവിടങ്ങളിലും മറ്റ് മഹിറ ഗ്രൂപ്പ് കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു

ചണ്ഡീഗഡ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹരിയാന കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്സിമെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡ്. ആഡംബരക്കാറുകളും ലക്ഷണക്കണക്കിന് രൂപയുടെ ആഭരണങ്ങളും നോട്ടുകെട്ടുകളുമാണ് ധരം സിംഗ് ചോക്കറിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്.

നാലു കോടി രൂപ വിലമതിക്കുന്ന നാല് ആഡംബരക്കാറുകള്‍, 14.5 ലക്ഷം രൂപയുടെ ആഭരണങ്ങള്‍, 4.5 ലക്ഷം രൂപ എന്നിവക്ക് പുറമെ നിരവധി രേഖകളും ധരംസിംഗിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. സമൽഖ (പാനിപ്പത്ത് ജില്ല ) എംഎൽഎ ചോക്കറിനും മറ്റുള്ളവർക്കുമെതിരെ ജൂലൈ 25ന് സമൽഖ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി ഇ.ഡി തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ചോക്കറിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള സായ് ഐന ഫാർമ പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ മഹിറ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവിടങ്ങളിലും മറ്റ് മഹിറ ഗ്രൂപ്പ് കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു. സമൽഖയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായ ചോക്കര്‍(59) മക്കളായ സിക്കന്ദർ സിംഗ്, വികാസ് ചോക്കർ എന്നിവർക്കൊപ്പം മഹിറ ഗ്രൂപ്പ് നടത്തുന്നുമുണ്ട്.

ഗുരുഗ്രാമിലെ സെക്ടര്‍ 68ല്‍ പാര്‍പ്പിട യൂണിറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1,400-ലധികം പേരില്‍ 360 കോടി രൂപ തട്ടിയെടുത്തതിനും വ്യാജരേഖ ചമച്ചതിനുമാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്.2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചോക്കര്‍ പ്രാഥമിക വരുമാന മാർഗ്ഗമായി കൃഷിയാണ് കാണിച്ചിരുന്നു.കൂടാതെ തനിക്കെതിരെ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്നും ഒരു കോടിയിലധികം ആസ്തിയുണ്ടെന്നും കാണിച്ചിരുന്നു.

Similar Posts