India
മനീഷ് സിസോദിയക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് ഇ.ഡി
India

മനീഷ് സിസോദിയക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് ഇ.ഡി

Web Desk
|
23 Aug 2022 2:57 PM GMT

മദ്യനയ കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ‌ കുറ്റം ചുമത്തിയാണ് കേസ്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടി.

കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സി.ബി.ഐ മനീഷ് സിസോദിയക്കെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 19ന് അദ്ദേഹത്തിന്റെ വസതിയിലും മറ്റിടങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലായിരുന്നു റെയ്ഡ്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്.

അതേസമയം, ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനം തനിക്കു ലഭിച്ചിരുന്നുവെന്ന് സിസോദിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തലവെട്ടിയാലും ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുൻപിൽ കീഴടങ്ങില്ലെന്നാണ് താൻ അവരോട് വ്യക്തമാക്കിയിരിക്കുന്നതെന്നും സിസോദിയ പറഞ്ഞിരുന്നു.

Similar Posts