6,600 കോടി രൂപയുടെ ബിറ്റ് കോയിൻ തട്ടിപ്പ്: ശിൽപ ഷെട്ടിയുടെയും ഭർത്താവിന്റെയും 97.8 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
|മുംബൈയിലെ ജുഹുവിലുള്ള റെസിഡൻഷ്യൽ ഫ്‌ളാറ്റും പൂനയിലെ ബംഗ്ലാവും കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നുണ്ട്
മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 97.8 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 6,600 കോടി രൂപയുടെ ബിറ്റ് കോയിൻ തട്ടിപ്പിലൂടെ ഇവർ കള്ളപ്പണം വെളിപ്പിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. മുംബൈയിലെ ജുഹുവിലുള്ള റെസിഡൻഷ്യൽ ഫ്‌ളാറ്റും പൂനയിലെ ബംഗ്ലാവും കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നുണ്ട്.ബിറ്റ്കോയിനുകളുടെ രൂപത്തിൽ പ്രതിമാസം 10 ശതമാനം റിട്ടേൺ നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി പൊതുജനങ്ങളിൽ നിന്ന് 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകൾ പ്രതികൾ ശേഖരിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.
നേരത്തെ, ഈ കേസിൽ സിമ്പി ഭരദ്വാജ്, നിതിൻ ഗൗർ, നിഖിൽ മഹാജൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മുഖ്യപ്രതികളായ അജയ് ഭരദ്വാജും മഹേന്ദ്ര ഭരദ്വാജും ഇപ്പോഴും ഒളിവിലാണെന്നാണ് ഇ.ഡി പറയുന്നത്.യുക്രൈനിൽ ബിറ്റ്‌കോയിൻ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായിരാജ് കുന്ദ്ര ഗെയിൻ ബിറ്റ്‌കോയിൻ പോൻസി അഴിമതിയുടെ സൂത്രധാരനും പ്രമോട്ടറുമായ അമിത് ഭരദ്വാജിൽ നിന്ന് 285 ബിറ്റ്‌കോയിനുകൾ സ്വീകരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.