അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി നാളെ സമർപ്പിക്കും
|കുറ്റപത്രത്തിൽ കെജ്‌രിവാളിനെ മദ്യനയക്കേസിലെ പ്രധാന സൂത്രധാരനെന്നായിരിക്കും ഇഡി വിശേഷിപ്പിക്കുക
ഡൽഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നാളെ സമർപ്പിക്കും. കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും.
കുറ്റപത്രത്തിൽ കെജ്‌രിവാളിനെ 'രാജാവെന്നും' (Kingpin) മദ്യനയക്കേസിലെ പ്രധാന സൂത്രധാരനെന്നുമായിരിക്കും ഇഡി വിശേഷിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യത്തിൽ വെള്ളിയാഴ്ച സുപ്രിംകോടതി വാദം കേൾക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.
ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ വിധി പറയാന്‍ മാറ്റിവച്ചിരുന്നു.
കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കുമെന്ന സൂചന വാദം കേള്‍ക്കലിനിടെ സുപ്രിംകോടതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്നും ജാമ്യം ലഭിക്കുകയാണെങ്കിൽ ഔദ്യോഗിക ചുമതല നിർവഹിക്കരുതെന്നും ബെഞ്ച് അറിയിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഘട്ടമായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നത്. അല്ലെങ്കിൽ അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹരജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുമെന്നും കോടതി അറിയിച്ചിരുന്നു.