India
Excise policy case,Delhi CM ,Arvind Kejriwal ,മദ്യനയ അഴിമതിക്കേസ്,ഡല്‍ഹി മുഖ്യമന്ത്രി, അരവിന്ദ് കെജ്‌രിവാള്‍,latest national news
India

മദ്യനയത്തിന് പുറമെ ഡൽഹി ജലബോർഡ് അഴിമതി കേസിലും സമൻസ്; അരവിന്ദ് കെജ്രിവാളിനെ പൂട്ടാൻ ഇ.ഡി

Web Desk
|
17 March 2024 5:40 AM GMT

വ്യാജ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിന് പിന്നാലെ ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതായി ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ അതിഷി അറിയിച്ചു. ‘ഇന്നലെ വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി പുതിയ സമൻസ് ലഭിച്ചു. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ്. ഈ വിഷയത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിനെക്കുറിച്ച് തങ്ങൾക്ക് വിവരമില്ല. വ്യാജ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്’ -അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ തടയാനാണ് പ്രധാനമന്ത്രിയും ഇ.ഡിയും സി.ബി.ഐയും ലക്ഷ്യമിടുന്നത്. ഇതിനായി തുടർച്ചയായി സമൻസ് അയക്കുന്നു. കോടതി വിധിക്കായി കാത്തിരിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. കെജ്രിവാളിനെ ജയിലിൽ അടക്കാനാണ് ബി.ജെ.പി നീക്കമെന്നും അതിഷി കൂട്ടിച്ചേർത്തു.

​അതേസമയം, മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന് വീണ്ടും ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ഈ കേസിലെ ഒമ്പതാമത്തെ സമൻസാണിത്.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഡൽഹി റേസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടിന് പുറമെ ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെജ്രിവാൾ നൽകണം. കെജ്രിവാൾ കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു. കേസ് ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.

മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിന് നിരവധി തവണ സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. സമൻസ് നൽകിയിട്ടും ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

സമൻസുകളിൽ തുടർച്ചയായി ഹാജരാകാതിരുന്ന കെജ്രിവാളിനെതിരായ നടപടികൾ സ്റ്റേ ചെയ്യാനാകില്ലെന്ന് സെഷൻസ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നേരിട്ട് ഹാജരാകാതിരിക്കാൻ മെട്രോപോളിറ്റൻ മജിസ്ട്രേറ്റിനെ സമീപിക്കാൻ അഡീഷനൽ സെഷൻസ് ജഡ്ജി രാകേഷ് സയാൽ കെജ്രിവാളിനോട് ആവശ്യപ്പെട്ടു.

ഇ.ഡിയെ ഉപയോഗിച്ച് പീഡിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിൽ ചേർക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. മദ്യനയ അഴിമതിയിൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന നിലപാടിലാണ് കെജ്രിവാൾ.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിത​​യെ ഇ.ഡി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയായ കവിതയുടെ ഹൈദരാബാദിലെ വസതിയിൽ ആദായ നികുതി, ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനായി ഇവരെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

Similar Posts