ഇഡിയുടെ പരമാധികാരം പുനഃപരിശോധിക്കും; കുറ്റാരോപിതർക്ക് ഇടക്കാല സംരക്ഷണം
|കാരണം പറയാതെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ളതടക്കം വിപുലമായ അധികാരം ഇ.ഡിയ്ക്ക് ശരിവച്ചു നൽകുന്ന വിധിയാണ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്.
ന്യൂഡൽഹി: എന്‍ഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രിംകോടതി.കുറ്റാരോപിതന് പ്രാഥമിക വിവര റിപ്പോർട്ട് നൽകേണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് പുനപ്പരിശോധിക്കുക. വിപുലമായ അധികാരങ്ങള്‍ നല്‍കിയ ശേഷം കേസെടുത്തവർക്കുള്ള സംരക്ഷണം സുപ്രീം കോടതി നാലാഴ്ച നീട്ടി. ഇവരുടെ അറസ്റ്റ് താൽക്കാലികമായി തടയുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
കാരണം പറയാതെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ളതടക്കം വിപുലമായ അധികാരം ഇ.ഡിയ്ക്ക് ശരിവച്ചു നൽകുന്ന വിധിയാണ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്. അപൂർവങ്ങളിൽ അപൂർവം കേസുകളിൽ മാത്രമാണ് ഇത്തരം നടപടി. ഇ.ഡിക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിന്റെ ഭാഗമായത്.
ഇന്നലെ ചേമ്പറിൽ പുനഃ പരിശോധനാ ഹരജി പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. ഇ.ഡി യുടെ പ്രാഥമിക വിവര റിപ്പോർട്ട് ആയ ഇ.സി.ഐ ആറിലെ വിവരം പോലും കുറ്റാരോപിതന് നൽകേണ്ടെന്നും കഴിഞ്ഞ വിധിയിൽ അംഗീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ ആരോപണം ശക്തമാക്കുമ്പോഴാണ് സുപ്രിംകോടതിയുടെ നിർണായക വിധി.