ഇഫ്ളു വിദ്യാർഥി സമരം: സമരക്കാർക്കെതിരെ വീണ്ടും കേസെടുത്തു
|രജിസ്ട്രാർ നരസിംഹ റാവു കേതാരിയുടെ പരാതിയിൽ 17 വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഹൈദരാബാദ്: ഇഫ്ളു ഹൈദരാബാദ് കാമ്പസിനകത്ത് ലൈംഗികാതിക്രമം നേരിട്ട വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ തെലങ്കാന പോലീസ് വീണ്ടും കേസെടുത്തു. ഇഫ്ളു രജിസ്ട്രാർ നരസിംഹ റാവു കേതാരിയുടെ പരാതിയിൽ 17 വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇത് മൂന്നാം തവണയാണ് പൊലീസ് വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നത്.
യൂണിവേഴ്സിറ്റി പ്രോക്ടർ സാംസൺ തോമസ് നൽകിയ പരാതിയിൽ 11 വിദ്യാർഥികൾക്കെതിരെയും യൂണിവേഴ്സിറ്റി അധ്യാപകൻ വൈ. സുരേഷ് ബാബു നൽകിയ പരാതിയിൽ നാല് വിദ്യാർഥികൾക്കെതിരെയും നേരത്തേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രസ്തുത കേസുകളും വിദ്യാർഥികൾക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസുകളും പിൻവലിക്കുക, ലൈംഗികാതിക്രമ വിഷയം കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചക്ക് കാരണക്കാരായ വൈസ് ചാൻസലർ, യൂണിവേഴ്സിറ്റി പ്രോക്ടോറിയർ ബോർഡ് എന്നിവർ രാജിവെക്കുക, വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, ഇന്റേണൽ കംപ്ലൈന്റ്സ് കമ്മറ്റിയിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി വിദ്യാർഥികൾ സംഘടിപ്പിച്ച നിരാഹാര സമരം സമാപിച്ചതിനു ശേഷമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദ്യാർഥി സമരത്തെത്തുടർന്ന് യൂണിവേഴ്സിറ്റി പ്രോക്ടറെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും, പുതിയ വൈസ് ചാൻസലർക്കായി വിദ്യാഭ്യാസ മന്ത്രാലയം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമ വിഷയത്തിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച്ച ചൂണ്ടിക്കാട്ടിയ വിദ്യാർഥികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആസൂത്രിത വേട്ടയാടലാണ് നടക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. വ്യാജ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പല വിദ്യാർഥികൾക്കുമെതിരിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പകപോക്കൽ നടപടികളാണിതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.