India
EFLU University authorities trapped five Malayali students in a fake case
India

നടക്കാത്ത ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി; അഞ്ച്‌ മലയാളി വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി ഇഫ്‌ലു അധികൃതർ

Web Desk
|
21 Oct 2023 6:57 AM GMT

സർവകലാശാല അനുമതി നൽകാത്തതിനാൽ എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള പരിപാടി ഉപേക്ഷിച്ചിരുന്നു

ഹൈദരാബാദ്: നടക്കാത്ത ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ മലയാളി വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി ഹൈദരാബാദ് ഇഫ്‌ലു അധികൃതർ. നടക്കാത്ത പരിപാടിയുടെ പേരിൽ അഞ്ച്‌ മലയാളി വിദ്യാർഥികൾക്ക് നേരെ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന വകുപ്പ് (153) പ്രകാരമാണ് കേസെടുത്തത്. സർവകലാശാല അനുമതി നൽകാത്തതിനാൽ എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള പരിപാടി ഉപേക്ഷിച്ചിരുന്നു.

അതേസമയം, സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായിരുന്നുവെന്നും ഈ കേസിലെ വീഴ്ച മറച്ചുവെക്കാനാണ് ഇല്ലാത്ത പരിപാടിയുടെ പേരിൽ കേസെടുത്തതെന്നും വിദ്യാർഥികൾ ആരോപിച്ചു. യൂണിവേഴ്‌സിറ്റി അധികൃതരുടേത് സംഘപരിവാർ ഭാഷ്യമാണെന്ന് വിദ്യാർഥി സംഘടനകൾ കുറ്റപ്പെടുത്തി. ക്യാമ്പസിൽ സാമുദായിക സംഘർഷം നടന്നുവെന്ന തരത്തിലാണ് ഉസ്മാനിയ പൊലീസ് നടപടികളെന്ന് സർവകലാശാലയിലെ ഒരു വിദ്യാർഥി പറഞ്ഞു.

പത്തോളം വിദ്യാർഥികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയെന്നും എംഎസ്എഫ് പരിപാടിയാണ് അതിൽ കാരണമായി കാണിച്ചിരിക്കുന്നതെന്നും എംഎസ്എഫ് നേതാവ് അഹമ്മദ് സാജു പറഞ്ഞു. യഥാർത്ഥത്തിൽ ലൈംഗിക പീഡനത്തിനെതിരെയുള്ള കമ്മിറ്റിയടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് വിദ്യാർഥി സംഘടനകൾ സമരം ചെയ്തതെന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കള്ളക്കേസെടുത്തും അഞ്ച് ദിവസം സർവകലാശാലയ്ക്ക് ലീവ് നൽകിയും അധികൃതർ വിഷയം വഴിതിരിച്ചുവിടുകയാണെന്നും സാജു കുറ്റപ്പെടുത്തി.



EFLU University authorities trapped five Malayali students in a fake case

Similar Posts