ബംഗാളിൽ എട്ടുപേർ ചുട്ടെരിക്കപ്പെട്ട സംഭവം; ഇരകൾക്ക് മർദനവുമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
|കൊലപാതകത്തിൽ അറസ്റ്റ് മതിയെന്നും ന്യായീകരണം വേണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി പൊലീസുകാരോട് പറഞ്ഞു
വെസ്റ്റ് ബംഗാളിൽ വീട്ടിനകത്ത് വെച്ച് എട്ടുപേർ ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവത്തിൽ ഇരകൾക്ക് മർദനവുമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെസ്റ്റ് ബംഗാളിലെ ബീർഭൂം ജില്ലയിലെ രാംപുർഹത്ത് നഗരത്തിനടുത്തുള്ള ബോഗ്തി ഗ്രാമത്തിൽ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് തിരിച്ചറിയപ്പെടാത്ത ചിലർ ഇവരെ ജീവനോടെ തീകൊളുത്തിയത്. എന്നാൽ അതിന് മുമ്പ് ഇവർ ക്രൂരമായി മർദിക്കപ്പെട്ടുവെന്നാണ് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 20 പേർ പിടിയിലായിട്ടുണ്ട്. സംഭവശേഷം പൊലീസുകാരടക്കം നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരുന്നു.
നടപടി മതി, ന്യായീകരണം വേണ്ട: മമതാ ബാനർജി
എട്ടുപേരുടെ കൊലപാതകത്തിൽ അറസ്റ്റ് മതിയെന്നും ന്യായീകരണം വേണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഇന്ന് ഉച്ചക്ക് സംഭവ സ്ഥലമായ ബീർഭൂം സന്ദർശിക്കവേയാണ് മമതയുടെ പ്രതികരണം. സംസ്ഥാനത്തെ നിയമവാഴ്ച തകർത്തത് പ്രതിപക്ഷമായ ബിജെപിയാണെന്നും അവർ കുറ്റപ്പെടുത്തി. 'ആധുനിക ബംഗാളിൽ കിരാതമായ ഇത്തരം സംഭവം നടക്കുമെന്ന് ഞാൻ കരുതിയില്ല. അമ്മമാരും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു' മമത പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഗ്രാമീണരും ചുറ്റുമുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
പരാതി പരിഗണിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മമത നിർദേശം നൽകി. സാക്ഷികൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും പറഞ്ഞു. തീപിടിച്ച് വീട് കത്തിയവർക്ക് രണ്ടു ലക്ഷം നൽകണമെന്നും നിർദേശിച്ചു. മമതാ ബാനർജി രാംപുർഹത്ത് സന്ദർശിക്കുന്ന സാഹചര്യത്തിൽ കടുത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രദേശത്തെല്ലാം സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്താണ് സംഭവിച്ചത്?
തിങ്കളാഴ്ച വൈകുന്നേരം ചായക്കടയിൽ ഇരുന്ന പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിനെതിരെ ഒരു അക്രമിസംഘം പെട്രോൾ ബോംബ് എറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അന്ന് രാത്രിയാണ് രാംപുർഹത്ത് നഗരത്തിനടുത്തുള്ള ബോഗ്തി ഗ്രാമത്തിലെ ഒരു വീട്ടിലുള്ളവരെ മർദിച്ച ശേഷം ജീവനോടെ ചുട്ടെരിച്ചത്. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം എട്ടുപേരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രാദേശികമായ രാഷ്ട്രീയ വിദ്വേഷമാണ് സംഭവത്തിന് പിറകിലെന്നാണ് നാട്ടുകാർ പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ ബാദു ഷെയ്ഖിന്റെ അനുയായികൾ, അക്രമികളെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകൾക്ക് തീവെക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും പ്രസിഡൻറ് ഭരണം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. പിടിയിലായവരിൽ ബാദു ഷെയ്ഖിന്റെ മകനുമുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിറകിലെ ഉത്തരവാദികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ പോരെന്നും ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കൽക്കട്ട ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ആക്രമണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
നിരവധി നേതാക്കൾ സംഭവ സ്ഥലം സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പ്രതികരിക്കുകയും ചെയ്തിരുന്നു. അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡി.ജി.പിയോട് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രൂപീകരിച്ച വസ്തുതാന്വേഷണ സംഘവും ബംഗാളിലെത്തുന്നുണ്ട്.
Eight people burnt in Bengal; Post-mortem report states that the victims were beaten