India
Eknath Shinde and Salman Khan
India

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്: സുരക്ഷ ശക്തമാക്കി, പ്രതികളെ ഉടൻ പിടികൂടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Web Desk
|
14 April 2024 2:07 PM GMT

അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല

മുംബൈ: ബാന്ദ്രയില്‍ നടൻ സൽമാൻഖാന്റെ ഗ്യാലക്സി അപ്പാർട്ട്മെന്റിന് നേരെയുണ്ടായ വെടിവെപ്പിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെ, സല്‍മാന്‍ ഖാനമായി സംസാരിച്ചു. കര്‍ശന സുരക്ഷ, അദ്ദേഹം നടന് ഉറപ്പ് നല്‍കി.

ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

''നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടും, അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ല''- ഷിന്‍ഡെ പറഞ്ഞു. ഖാൻ കുടുംബത്തിൻ്റെ സുരക്ഷ വർധിപ്പിക്കാൻ മുംബൈ പൊലീസ് കമ്മീഷണറുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേസിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വിശദാംശങ്ങൾ ലഭിച്ചാലുടൻ പങ്കുവെക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. അതേസമയം സൽമാൻ ഖാൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി, ആയുധ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം രണ്ട് അജ്ഞാതർക്കെതിരെ മെട്രോപൊളിറ്റൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അക്രമികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നും സൽമാൻ ഖാന് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നു. കൂടാതെ മറ്റു ചില ഗുണ്ടാനേതാക്കളായ സമ്പത്ത് നെഹ്റ, കലാ ജാഥെഡി എന്നിവരും സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇവരെച്ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Similar Posts