മഹാരാഷ്ട്ര സർക്കാറിനെ വീഴ്ത്താൻ നീക്കം; ശിവസേന എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ ബിജെപി നേതാക്കൾ
|ഏകനാഥ് ഷിൻഡെക്ക് പുറമെ 13 ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്ര എംഎൽഎമാരും സൂറത്തിലെ ഹോട്ടലിലുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
സൂറത്ത്: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യസർക്കാറിനെ വീഴ്ത്താൻ ബിജെപി നീക്കം. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ അംഗമായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 13 എംഎൽഎമാരെ ഇന്നലെ മുതൽ 'കാണാനില്ലെന്നയിരുന്നു' റിപ്പോർട്ടുകൾ. എന്നാൽ ഇവർ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിൽ മെറിഡിയൻ ഹോട്ടലിലുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇവരെ കാണാൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്വി, ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ പാട്ടീൽ എന്നിവർ ഹോട്ടലിലെത്തിയിട്ടുണ്ട്. ഉച്ചക്ക് 12 മണിയോടെ ഏകനാഥ് ഷിൻഡെ മാധ്യമങ്ങളെ കാണും.
മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തിയതുപോലുള്ള ഗൂഢാലോചനയാണ് മഹാരാഷ്ട്രയിലും ബിജെപി നടത്തുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അതൊരിക്കലും ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപി അധ്യക്ഷൻ ശരത് പവാർ വൈകീട്ട് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.
ഏകനാഥ് ഷിൻഡെക്ക് പുറമെ 13 ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്ര എംഎൽഎമാരും സൂറത്തിലെ ഹോട്ടലിലുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഏകനാഥ് ഷിൻഡെയെ ഫോണിൽ പോലും ലഭിക്കാതായത്. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നുവെന്ന വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ ശിവസേനയും എൻസിപിയും രണ്ട് സീറ്റ് വീതം ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റിൽ ജയിക്കാനേ കഴിഞ്ഞുള്ളൂ.