പുതിയ സർക്കാർ: ഏക്നാഥ് ഷിൻഡെ ഗുജറാത്തിലെത്തി ദേവേന്ദ്ര ഫഡ്നവിസുമായി കൂടിക്കാഴ്ച്ച നടത്തി
|അസമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയത്
വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസുമായി ഗുജറാത്തിലെത്തി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്ത് പുതിയ സർക്കാറുണ്ടാക്കാനുള്ള വഴികളാണ് വഡോദരയിൽ വെച്ച് ഇരുവരും ചർച്ച ചെയ്തത്. ചർച്ച നടന്ന കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും വഡോദരയിലുണ്ടായിരുന്നതായി വാർത്തയുണ്ട്. അസമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയത്. എൻഡി ടിവിയടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2019ൽ ഉദ്ധവ് താക്കറെ സ്ഥാനമേറ്റെടുക്കും വരെ മുഖ്യമന്ത്രിയായിരുന്ന ഫഡ്നവിസുമായുള്ള ചർച്ചക്ക് ശേഷം ഷിൻഡെ അസമിലേക്ക് മടങ്ങി. 40 അടുത്ത് വിമത എംഎൽഎമാർക്കൊപ്പം ഷിൻഡെ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. ഇവരിൽ ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാർ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യത നോട്ടീസ് അഭിമുഖീകരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകാനും മുംബൈയിൽ ഹാജരാകാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഷിൻഡെ വിഭാഗം താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടലിലെ ബുക്കിംഗ് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ ജൂൺ 28 വരെയാണ് ബുക്കിംഗുണ്ടായിരുന്നത്.
അതേസമയം, ഷിൻഡെ പുതിയ പാർട്ടി പ്രഖ്യാപിച്ചെന്ന് വിമത എംഎൽഎ ദീപക് കേസർകർ പറഞ്ഞു. 'ശിവസേന ബാലാസാഹേബ്' എന്ന പാർട്ടി രൂപീകരിച്ചതായാണ് ദീപക് കേസർകർ വ്യക്തമാക്കിയത്.
വിമത എംഎൽഎമാരുടെ സുരക്ഷയിൽ ഭയമുണ്ടെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ക്രമസമാധാന നില സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഉദ്ധവ് താക്കറെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമത എംഎൽഎമാർക്കെതിരെ നീങ്ങുന്ന ഡെപ്യൂട്ടി സ്പീക്കർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
എന്നാൽ എംഎൽഎമാരുടെ കുടുംബത്തിന് സുരക്ഷ ഒരുക്കാനാകില്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരം എംഎൽഎമാർക്ക് മാത്രം സുരക്ഷ നൽകിയാൽ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണം ഉപയോഗിച്ച് പാർട്ടിയുടെ ഐക്യത്തെ തകർക്കാനാകില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതിനിടെ, പുനെയിൽ വിമത എംഎൽഎ തനാജി സാവന്ദിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായി.
പ്രോട്ടോക്കോൾ പ്രകാരം എംഎൽഎമാർക്കും കുടുംബത്തിനും നൽകേണ്ട സുരക്ഷ മഹാ വികാസ് അഗാഡി സർക്കാർ ഒഴിവാക്കിയെന്ന് വിമതർ കുറ്റപ്പെടുത്തി. പലരുടെയും വീടുകൾ ആക്രമിക്കപ്പെട്ടുവെന്നും സഞ്ജയ് റാവത്ത് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും അവർ പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ കുടുംബത്തിന് ഒരുക്കണമെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് ശരദ് പവാറ് എന്നിവർ ഉത്തരവാദികളാകുമെന്നും വിമത എംഎൽഎമാർ ചൂണ്ടിക്കാട്ടി. തങ്ങൾക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് സർക്കാറിന് വിമതർ കത്തയക്കുകയും ചെയ്തു.
അതിനിടെ, വിമതർക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് താനെ ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിഷേധ പരിപാടികളും കൂട്ടം ചേരലും ജൂൺ 30 വരെ താൽക്കാലികമായി നിരോധിച്ചു. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Eknath Shinde meets former Maharashtra Chief Minister and BJP leader Devendra Fadnavis in Gujarat