'മോദിയുടെ തീരുമാനം എന്റേതും'; മഹാരാഷ്ട്ര മുഖ്യമന്ത്രി ആരായാലും തനിക്ക് സമ്മതമെന്ന് ഷിൻഡെ
|"മോദിയാണ് ഞങ്ങളുടെ കുടുംബനാഥൻ, അദ്ദേഹത്തിന്റെ തീരുമാനത്തിന് ഞാൻ ഒരിക്കലും തടസ്സം നിൽക്കില്ല"
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുത്താലും തനിക്ക് അദ്ദേഹം സ്വീകാര്യനായിരിക്കുമെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മോദിയുടെ തീരുമാനമാണ് അന്തിമമെന്നും മോദി ആരെ തിരഞ്ഞെടുത്താലും അതിന് താനോ തന്റെ പാർട്ടിയോ തടസ്സമാവില്ലെന്നും ഷിൻഡെ പത്രസമ്മേളനത്തിൽ അറിയിച്ചു.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് നാളുകൾ നീണ്ട അനിശ്ചിതത്വത്തിന് ഏറെക്കുറെ വിരാമമായി എന്നാണ് ഷിൻഡെയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ രൂപീകരണത്തിന് തന്നെ ഒരു തടസ്സമായി കാണേണ്ടന്നാണ് ഷിൻഡെയുടെ വാക്കുകൾ. മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ഷിൻഡെ പിൻമാറിയതോടെ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയാകാനുള്ള കടമ്പകൾ നീങ്ങിയിരിക്കുകയാണ്.
ഷിൻഡെയുടെ വാക്കുകൾ ഇങ്ങനെ:
"ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്, സർക്കാർ രൂപീകരണത്തിന് അദ്ദേഹത്തിന്റെ തീരുമാനമാകും അന്തിമമെന്ന്. ഞാൻ ഏതെങ്കിലും രീതിയിൽ അതിന് ബാധ്യതയാകുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ തീരുമാനമാണ് എന്റെയും തീരുമാനം എന്നത് ഓർത്താൽ മതിയെന്നും അറിയിച്ചു. അദ്ദേഹമാണ് ഞങ്ങളുടെ കുടുംബനാഥൻ. മുഖ്യമന്ത്രിപദത്തിനായി അവർ തിരഞ്ഞെടുക്കുന്ന ആരും എനിക്ക് സ്വീകാര്യനാണ്. എന്നെ അതിന് തടസ്സമായി കാണേണ്ടതില്ലെന്ന് അമിത് ഷായെയും ഞാൻ അറിയിച്ചു കഴിഞ്ഞു.
ഞാനൊരു സാധാരണക്കാരനായ സംഘടനാ പ്രവർത്തകനാണ്. ഒരു ദരിദ്രകുടുംബത്തിൽ നിന്നാണ് എന്റെ വരവ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ വേദനയും കഷ്ടപ്പാടുമൊക്കെ എനിക്ക് മനസ്സിലാകും. എന്നെങ്കിലും എന്റെ പക്കൽ അധികാരം എത്തിച്ചേരുകയാണെങ്കിൽ അത് ജനങ്ങൾക്ക് തന്നെ തിരിച്ചു നൽകും എന്ന് പണ്ടേ തീരുമാനിച്ചതാണ്. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ചെയ്ത പ്രവൃത്തികളിലെല്ലാം പൂർണ സംതൃപ്തനാണ് ഞാൻ.
ബാൽ താക്കറെയുടെയും പ്രധാനമന്ത്രി മോദിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എനിക്ക് കഴിഞ്ഞു. ജനങ്ങൾക്ക് വേണ്ടി പോരാടാൻ താല്പര്യപ്പെടുന്ന ആളാണ് ഞാൻ, ചെയ്യുന്നതെല്ലാം ജനങ്ങൾക്ക് വേണ്ടിയും. അതുകൊണ്ട് തന്നെ എനിക്കെന്ത് കിട്ടുന്നു എന്നതിലല്ല, ജനങ്ങൾക്ക് എന്ത് കിട്ടുന്നു എന്നതിലാണ് കാര്യം".
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും നാളെ അമിത് ഷായെ കാണും. 288ൽ 235 സീറ്റും നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചത്. 132 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയതിനാൽ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫഡ്നാവിസിനായിരുന്നു സാധ്യത കൂടുതൽ. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇക്കാര്യത്തിൽ തീരുമാനമായിരുന്നില്ല.
ഇടഞ്ഞ് നിൽക്കുന്ന ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കുന്ന തിരക്കിലാണ് ബിജെപി എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ഷിൻഡയെ വരുതിയിലാക്കി ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപിയുടെ നീക്കം ഫലിച്ചതായാണ് ഷിൻഡെയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.