ഉദ്ധവിന്റെ ഭരണം അട്ടിമറിച്ചു; ഇനി ശിവസേനയെ കയ്യിലാക്കാൻ ഷിൻഡെ വിഭാഗം
|പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണെന്ന് അവകാശപ്പെട്ട് ഷിൻഡെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണം അട്ടിമറിച്ചതിന് പിറകേ ശിവസേനയെയും കയ്യിലൊതുക്കാൻ ഏക്നാഥ് ഷിൻഡെ വിമത വിഭാഗം. പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണെന്ന് അവകാശപ്പെട്ട് ഷിൻഡെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു. പാർട്ടി ചിഹ്നത്തിൽ വിജയിച്ചവരെയെല്ലാം ഷിൻഡെ ഔദ്യോഗികമായി കത്തയച്ച് യോഗത്തിലേക്ക് വിളിക്കുകയായിരുന്നു.
വിമത വിഭാഗം താമസിക്കുന്ന ഗോവയിലെ ഹോട്ടലിലാണ് യോഗം നടക്കുക. അസമിലെ ഗുവാഹത്തിയിലുള്ള ആഡംബര ഹോട്ടലിൽ കഴിഞ്ഞിരുന്ന വിമതർ കഴിഞ്ഞ ദിവസമാണ് ഗോവയിലെത്തിയത്. എന്നാൽ ഈ വിപ്പിനെതിരെ താക്കറെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഷിൻഡെ നേതൃപദവിയിൽ നിന്ന് നേരത്തെ മാറ്റിയതാണെന്നും അതിനാൽ ശിവസേനാ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർക്കാൻ അർഹതയില്ലെന്നുമാണ് അവർ വാദിക്കുന്നത്.
വിമത പ്രവർത്തനം തുടങ്ങി നിരവധി ശിവസേനാ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയതിനെ തുടർന്ന് ഷിൻഡെയെ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിയമസഭാകക്ഷിയുടെ നേതൃപദവിയിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് അജയ് ചൗധരിയെ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാതെയാണ് ഷിൻഡെ എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി മുന്നണി ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന് സുപ്രിംകോടതി ഇന്നലെ വിധിച്ചിരുന്നു. ഇതിനെ തുടർന്ന് ഉദ്ധവ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകീട്ട് ഏഴിന് നടക്കും. വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. അദ്ദേഹവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നില്ല. ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറുന്നത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചെറിയ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത്. പെട്ടെന്ന് അധികാരം ഏറ്റെടുക്കുകയാണ് ലക്ഷ്യം.
ഫഡ്നവിസും ഷിൻഡെയും ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശ വാദം ഉന്നയിയിച്ചിരുന്നു. തുടർന്നാണ് സർക്കാർ രൂപവത്കരിക്കുന്നത്. അൽപ്പ സമയം മുമ്പേയാണ് ഷിൻഡെ ഗോവയിൽ നിന്ന് മുംബൈയിലെത്തിയത്. 49 ശിവസേന എംഎൽമാരുടേത് ഉൾപ്പെടെയുള്ള പിന്തുണ കത്താണ് അദ്ദേഹം നൽകിയിട്ടുള്ളത്. ഷിൻഡെ ഒഴികെയുള്ള ബാക്കി 48 വിമത ശിവസേനാ എംഎൽഎമാർ ഗോവയിലെ റിസോട്ടിലാണുള്ളത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാലു ദിവസത്തിനകം രാജിവെക്കേണ്ടി വന്ന ഫഡ്നവിസ് രണ്ടു കൊല്ലത്തിന് ശേഷമാണ് വീണ്ടും സംസ്ഥാന ഭരണ തലപ്പത്തെത്തുന്നത്. ചെറിയ കാബിനറ്റോടെയായിരിക്കും അധികാരത്തിലേറുകയെന്നാണ് വിവരം. ഉപമുഖ്യമന്ത്രി പദവി ആദ്യമേ ശിവസേനാ വിമതർക്ക് വാഗ്ദാനം ചെയ്യപ്പെട്ടതാണ്. ഇതര മന്ത്രി പദവികൾക്കായുള്ള ചർച്ച നടക്കുകയാണ്. രണ്ടോ മൂന്നോ മന്ത്രിസ്ഥാനമാണ് ശിവസേനാ വിമതർക്ക് അനുവദിക്കുകയെന്നാണ് വിവരം.
ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിനൊടുവിൽ 13 എംഎൽഎമാർ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഗുജറാത്തിലെ സൂറത്തിലേക്കാണ് വിമതർ ആദ്യം പോയത്. പിന്നീട് അസം ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലും ഇപ്പോൾ ഗോവയിലുമാണ് അവർ താമസിക്കുന്നത്.
അധികാര മോഹമല്ല, ആശയപ്രതിബദ്ധതയാണ് തങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിമത വക്താവ് ദീപക് കേസർകർ പറഞ്ഞു. ശിവസേനയിൽ ആരും താക്കറെ കുടുംബത്തിന് എതിരല്ലെന്നും ഉദ്ധവിനെ ഇപ്പോഴും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Eknath Shinde rebel faction trying to take over Shiv Sena