മഹാരാഷ്ട്രയിലെ ഭരണമാറ്റം; മേഴ്‌സിഡസിനെ ഓട്ടോറിക്ഷ ഓവർടേക്ക് ചെയ്‌തെന്ന് ഷിൻഡെ
|ചില മുൻനിര ശിവസേന നേതാക്കൾ തന്നെ ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു
മഹാരാഷ്ട്രയിലെ ഭരണമാറ്റത്തെ ഓട്ടോറിക്ഷ മേഴ്സിഡെസ് കാറിനെ മറികടന്നതിനോടുപമിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെയെ ലക്ഷ്യം വെച്ചാണ് ഷിൻഡെയുടെ പുതിയ പ്രസ്താവന. ശിവസേനയിൽ വിമത പടനീക്കം നടത്തിയ ഏക്നാഥ് ഷിൻഡെ ബി.ജെ.പിയുടൈ സഹായത്തോടെ സർക്കാർ രൂപീകരിച്ചതിലൂടെ വൻ രാഷ്ട്രീയ പ്രഹരമാണ് ഉദ്ദവ് താക്കറെയ്ക്ക് നൽകിയത്. വർഷങ്ങളായി താക്കറെയുടെ വിശ്വസ്തനും ശിവസേനയുടെ കർമ്മനിരതനായ പ്രവർത്തകനുമായിരുന്നു ഷിൻഡെ. അതിനു മുന്നെ മുംബൈയിലെ തിരക്ക് നിറഞ്ഞ റോഡുകളിലൂടെ ഓട്ടോയോടിച്ച നടന്ന ഒരു ചരിത്രം കൂടി അദ്ദേഹത്തിനുണ്ട്. രാഷട്രീയ പ്രമുഖമാർ മുതൽ സാധാരണ അണികൾ വരെ ഓട്ടോക്കാരൻ ഇമേജിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ചില ശിവസേന പ്രവർത്തകർ അദ്ദേഹത്തെ ഇകഴ്ത്തിക്കെട്ടാനും ഇത് വ്യാപകമായി ഉപയോഗിച്ചു.
ഇപ്പോൾ ഏക്നാഥ് ഷിൻഡെ തന്നെ കൗണ്ടറുമായി രംഗത്ത് വന്നിരിക്കുകയാണ്. 'മേഴ്സിഡെസിനെ ഓട്ടോറിക്ഷ മറികടന്നു. കാരണം, ഇത് സാധാരണക്കാരന്റെ ഗവൺമെന്റ് ആണ്'എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷിൻഡെയുടെ നേതൃതത്തിലുള്ള നാൽപ്പത് വിമത എം.എൽ.എമാരുടെ പടനീക്കമാണ് താക്കറെ നയിച്ച മഹാവികാസ് അഘാഡി സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചത്. ചില മുൻനിര ശിവസേന നേതാക്കൾ തന്നെ അദ്ദേഹത്തെ ഓട്ടോക്കാരൻ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹം ഓട്ടോക്കാരനായാണ് ജോലി ചെയ്തിരുന്നത്.
ജൂൺ 30 നാണ് ബി.ജെ.പി പിന്തുണയോട് കൂടി ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് കാത്തുനിൽക്കാതെ താക്കറെ അതിന് മുമ്പേ രാജിവെക്കുകയായിരുന്നു. 99 നെതിരെ 164 വിശ്വാസ വോട്ടുകൾ നേടിയാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്തത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ ഏറിയത്്. രാജിക്കത്ത് സമർപ്പിക്കാൻ ആയി മേഴ്സിഡെസ് കാറിലാണ് താക്കറെ രാജ്ഭവനിൽ എത്തിയത്.
നേരത്തെ ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്് ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ മേയ്സിഡെസ് ബേബിയെന്ന് പരിഹസിച്ചിരുന്നു. 1990 ൽ ബാബരി മസ്ജിദ് ഉപരോധിച്ച കർസേവകരുടെ ത്യാഗം ആദിത്യ താക്കറെ അഭിനന്ദിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Eknath Shinde said the autorickshaw overtook the Mercedes