വിമത ക്യാമ്പിലേക്ക് കൂടുതല്‍ പേര്; ഗവര്‍ണര്‍ക്ക് കത്തയച്ച് ഏക്നാഥ് ഷിന്‍ഡെ
|നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി
മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള നീക്കം സജീവമാക്കി വിമത നേതാവ് ഏക്നാഥ് ഷിൻഡെ. നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി. 37 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കത്തില്‍ അവകാശപ്പെടുന്നു.അതിനിടെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കൂടി വിമത ക്യാമ്പിലെത്തി.
ഭാരത് ഗോഗേവാലയെ ചീഫ് വിപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിൻഡെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ന് സമീപിക്കും. നേരിട്ട് ചർച്ച നടത്താമെന്ന ആവശ്യം ഷിൻഡെ തള്ളിയതോടെ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവ് സർക്കാറിന്റെ തീരുമാനം.
സഖ്യ സർക്കാറിന്റെ പൂർണ പിന്തുണയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. സഭയിൽ വിശ്വാസം തെളിയിക്കാനാകുമെന്ന് മഹാവികാസ് അഖാഡി സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. വിമത ക്യാംപിലുള്ള ഇരുപതിലധികം എം.എൽ.എമാർ തിരികെയെത്തുമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് മറ്റുള്ളവരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിച്ച് അയോഗ്യരാക്കാനാണ് നീക്കം. ഷിൻഡെ ക്യാംപ് ഈ നീക്കത്തെ പൂർണമായും തള്ളിക്കൊണ്ട് രംഗത്തെത്തി. എം.എൽ.എമാരെ ഭീഷണിപ്പെടുത്തേണ്ടെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തു. നിയമം തങ്ങൾക്ക് അറിയാമെന്നായിരുന്നു മുന്നറിയിപ്പ്.
അതേസമയം ഡല്‍ഹിയിലെത്തിയ ബി.ജെ.പി മുതിർന്ന നേതാവ് ദേവന്ദ്ര ഫഡ്നാവിസ് ഇന്ന് ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. സർക്കാർ ഉണ്ടാക്കുന്നതിന് ഔദ്യോഗികമായി തന്നെ ബി.ജെ.പി ഷിൻഡെയുടെയും വിമതരുടെയും പിന്തുണ തേടിയേക്കും. എട്ട് മന്ത്രിസ്ഥാനം ഉൾപ്പെടെ വലിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി വിമതർക്ക് മുന്നിൽ വെച്ചിട്ടുള്ളതെന്നാണ് സൂചന. ശിവസേനയുടെയും എൻ.സി.പിയുടെയും പൂർണ പിന്തുണ ഉള്ളതിനാൽ സർക്കാർ താഴെ വീണാലും മഹാവികാസ് അഖാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് താക്കറെയുടെ തീരുമാനം.