അന്ന് ഞാന്‍ രാജിവെച്ചപോലെ ഷിന്‍ഡെയും രാജിവെക്കണം: ഉദ്ധവ് താക്കറെ
|സുപ്രിംകോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അധികാരത്തിനായി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുപോലെ ഏക്നാഥ് ഷിന്‍ഡെയും രാജിവെക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
ശിവസേനയിലെ അധികാരത്തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമാണെന്ന് സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദേശിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചത്. രാജിവെച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിച്ചേനെ. അതേസമയം മുഖ്യമന്ത്രിയായി ഷിൻഡെ തുടരുന്ന വിഷയത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടപെട്ടില്ല. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതിയുടെ വിധി.
ഉദ്ധവ് താക്കറെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നു തെളിയിക്കാനുള്ള ഒരു രേഖയും മുന്നിൽ ഇല്ലാതെയാണ് ഗവർണർ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ശിവസേനയിലെ ആഭ്യന്തര തർക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നു. ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിന് ആരും പിന്തുണ പിന്‍വലിച്ചിട്ടുണ്ടായിരുന്നില്ല. പ്രതിപക്ഷമായ ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടതുമില്ല. എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതെന്ന് സുപ്രിംകോടതി ചോദിച്ചു.
ഉദ്ധവ് താക്കറെ നയിച്ച ശിവസേനയിൽ നിന്നും വേർപെട്ടുപോയ ഏക്നാഥ് ഷിൻഡെ വിഭാഗം വിപ്പ് നൽകിയത് നിയമ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.അവിശ്വാസ നോട്ടീസിന്റെ നിഴലിൽ നിൽക്കുന്ന സ്പീക്കർക്ക് സാമാജികരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാൻ കഴിയുമോ എന്ന ചോദ്യം പരിഗണിക്കാൻ ഏഴംഗ ബെഞ്ചിന് വിട്ടു. അയോഗ്യത നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സാമാജികർക്ക് എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. വിപ്പ് നൽകാനുള്ള അധികാരം ഭൂരിപക്ഷം അംഗങ്ങളുള്ള വിഭാഗത്തിനാണെന്ന ഷിൻഡെ പക്ഷത്തിന്റെ വാദം തള്ളി. രാഷ്ട്രീയ പാർട്ടികൾക്കാണ് ഈ അവകാശമെന്നു കോടതി വ്യക്തമാക്കി.
Summary- Maharashtra Chief Minister Eknath Shinde had "murdered" democracy for coming to power and should step down, his predecessor Uddhav Thackeray said on Thursday, following the decision of the Supreme Court in the ace-off.