'വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് 1500 രൂപയുടെ വില മനസിലാകില്ല'; ഉദ്ധവിനെതിരെ ഏക്‍നാഥ് ഷിന്‍ഡെ
|പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുന്നതാണ് പദ്ധതി
മുംബൈ: മുഖ്യമന്ത്രി ലഡ്‌കി ബഹിൻ യോജനയെ വിമര്‍ശിച്ച ശിവസേന യുബിടി തലവന്‍ ഉദ്ധവ് താക്കറെക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‍നാഥ് ഷിന്‍ഡെ. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ വിലയെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ലഡ്‌കി ബഹിൻ യോജനയെ വഞ്ചനാപരവും തെറ്റായ വാഗ്ദാനവുമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചതെന്നും എന്നാൽ പദ്ധതിക്ക് സ്ത്രീകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മുംബൈയിലെ ചാന്ദിവാലി പ്രദേശത്ത് നടന്ന പരിപാടിയില്‍ ഷിന്‍ഡെ വ്യക്തമാക്കി.
പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായ ഏകദേശം 2 കോടി സ്ത്രീകൾ അപേക്ഷ നല്‍കിയിട്ടുണ്ട്. അവരിൽ യോഗ്യരായ 1.5 കോടി പേർക്ക് മഹായുതി സർക്കാർ വാഗ്ദാനം ചെയ്ത 1,500 രൂപ സ്റ്റൈപ്പൻഡ് ലഭിച്ചതായി ഷിന്‍ഡെ അറിയിച്ചു. ''സര്‍ക്കാരിന്‍റെ കൈക്കൂലിയെന്നാണ് പ്രതിപക്ഷം ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് 1500 രൂപയുടെ വില മനസിലാകില്ല. 1500 രൂപയുടെ മൂല്യം എന്‍റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് അറിയും. '' ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യ ഗഡു വന്നപ്പോള്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം തെറ്റായെന്ന് തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ''പണം അക്കൗണ്ടിലേക്ക് വന്നതിനു ശേഷം അത് തിരികെ എടുക്കുമെന്ന് പ്രതിപക്ഷം കിംവദന്തികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഈ സര്‍ക്കാരാണ് കൊടുക്കുന്നതും എടുക്കാത്തതും'' ഷിന്‍ഡെ പറഞ്ഞു.
''സംസ്ഥാന ഖജനാവിന് പ്രതിവർഷം 46,000 കോടി രൂപ ചെലവ് വരുന്നതും 21 നും 65 നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പദ്ധതിയെ സാമ്പത്തികമായി ലാഭകരമല്ലെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചു. പ്രതിമാസ സ്റ്റൈപ്പന്‍ഡിനെ നിസ്സാരമെന്നാണ് വിശേഷിപ്പിച്ചത്''. സർക്കാരിൻ്റെ കരങ്ങൾ ശക്തിപ്പെടുത്താൻ ഷിന്‍ഡെ സ്ത്രീ ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഇത് മുന്നോട്ടുള്ള പ്രതിമാസ തുക വർധിപ്പിക്കാൻ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ചിലർ പദ്ധതി സ്തംഭിപ്പിക്കാൻ കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റിൽ ഇത് നടപ്പാക്കുന്നത് തടയാനുള്ള അവരുടെ ശ്രമങ്ങൾ വൃഥാവിലായെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്തുമെന്ന് പ്രതിപക്ഷം അഭ്യൂഹങ്ങൾ പരത്തുന്നുണ്ടെങ്കിലും അത് ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.