"പ്രതി ഇതര മതസ്ഥനോ പാസ് നൽകിയത് പ്രതിപക്ഷ എംപിയോ ആയിരുന്നെങ്കിൽ രാജ്യത്തിന് തീപിടിച്ചേനെ": എളമരം കരീം
|ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം
ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എളമരം കരീം എംപി. പാർലമെന്റിന് അകത്ത് പോലും എംപിമാർ സുരക്ഷിതരല്ലെന്ന സാഹചര്യം അതീവ ഗൗരവകരമാണെന്നും പ്രതി ഇതരമതസ്ഥനോ പ്രതിപക്ഷ എംപിയോ ആയിരുന്നെങ്കിൽ ഇതാകുമായിരുന്നോ കേന്ദ്ര സർക്കാർ നിലപാടെന്നും എംപി ചോദിച്ചു.
പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്മോക് സ്പ്രേ ലോക്സഭയിൽ ഉയർത്തി വിടുകയും ചെയ്തു.
സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്മോക് സ്പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ അമോൽ ഷിൻഡെ ((25)) , നീലം (39) എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മൈസൂർ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവർക്കുള്ള സന്ദർശക പാസിന് ശുപാർശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാർലമെന്റിൽ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഒരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഇവർ പറയുന്നു. ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.