ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ; റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
|ബംഗളൂരു ഉപഭോക്തൃ കോടതിയുടേതാണ് വിധി
ബംഗളൂരു: ടിക്കറ്റില്ലെന്ന് കാണിച്ച് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബംഗളൂരു സ്വദേശി അലോക് കുമാർ നൽകിയ പരാതിയിലാണ് വിധി. അലോക് തന്റെ 77ഉം 71ഉം വയസ്സുള്ള മാതാപിതാക്കൾക്കായിട്ടാണ് രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്.
2022 മാർച്ച് 21നായിരുന്നു യാത്ര. ടിടിഇ ഇവരുടെ കൺഫേം ടിക്കറ്റിന്റെ പി.എൻ.ആർ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നൽകി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇതിനെതിരെ അലോക് കുമാർ ആദ്യം ഐആർസിടിസിയിൽ പരാതി നൽകി. കൂടാതെ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരെയും വിഷയം ഉന്നയിച്ച് സമീപിച്ചു. എന്നാൽ, അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് ഇദ്ദേഹം ബംഗളൂരു ഉപഭോക്തൃ കോടതിയെ സമീപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് ബുക്കിങ് ഓഫിസർ, ഐ.ആർ.സി.ടി.സി അധികൃതർ എന്നിവർക്കെതിരെ പരാതി നൽകുകയായിരുന്നു.
തങ്ങളുടേത് ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം മാത്രമാണെന്നും പിഴ ചുമത്തിയതുമായി ബന്ധമില്ലെന്നുമാണ് ഐആർസിടിസി അധികൃതർ കോടതിയിൽ അറിയിച്ചത്. അതേസമയം, വക്കീൽ നോട്ടീസ് ലഭിച്ചിട്ടും ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ കോടതിയിൽ ഹാജരാകാൻ തയാറായില്ല.
തുടർന്ന്, വയോധിക ദമ്പതികൾ ട്രെയിൻ യാത്രക്കിടെ നേരിട്ട മാനസിക പീഡനത്തിന് 30,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 10,000 രൂപയും പിഴയിട്ട് ഉപഭോക്തൃ കോടതി വിധിക്കുകയായിരുന്നു. കൂടാതെ ടിക്കറ്റില്ലെന്ന് പറഞ്ഞ് ചുമത്തിയ പിഴയും തിരികെ നൽകണമെന്ന് ഉത്തരവിലുണ്ട്.