എത്ര കഴിച്ചാലും 50 രൂപ മാത്രം, ഒപ്പം മനസ് നിറയ്ക്കുന്ന ചിരിയും; ഭക്ഷണത്തിനൊപ്പം സ്നേഹം വിളമ്പി വൃദ്ധ ദമ്പതികള്‍
|മണിപ്പാലിലെ രാജഗോപാല്‍ നഗര്‍ റോഡിലാണ് ഇവരുടെ ഹോട്ടലായ ഗണേഷ് പ്രസാദ് സ്ഥിതി ചെയ്യുന്നത്
കര്‍ണാടക: ഇന്നത്തെക്കാലത്ത് ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയെന്നത് ഒരു ആഡംബരമാണ്. കയ്യില്‍ നൂറോ ഇരുനൂറോ ഉണ്ടെങ്കിലേ എന്തെങ്കിലും കാര്യമുള്ളൂ. എന്നാല്‍ കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നുള്ള വൃദ്ധദമ്പതികള്‍ 50 രൂപയ്ക്ക് വയറ് നിറയെ ആഹാരം വിളമ്പിയാണ് ശ്രദ്ധ നേടുന്നത്. ഈ തുകയ്ക്കു എത്ര വേണമെങ്കിലും ആഹാരം കഴിക്കാമെന്നതാണ് ഇവരുടെ ഹോട്ടലിന്റെ പ്രത്യേകത.
മണിപ്പാലിലെ രാജഗോപാല്‍ നഗര്‍ റോഡിലാണ് ഇവരുടെ ഹോട്ടലായ ഗണേഷ് പ്രസാദ് സ്ഥിതി ചെയ്യുന്നത്. 1951 മുതല്‍ ഈ ഹോട്ടല്‍ ഇവിടെയുണ്ട്.അജ്ജ & അജ്ജി എന്നാണ് ഇവരെ ആളുകൾ സ്നേഹപൂർവ്വം വിളിക്കുന്നത്. സ്ഥിരം സന്ദര്‍ശകര്‍ക്ക് ഹോട്ടല്‍ ഗണേഷ് പ്രസാദ് അജ്ജ അജ്ജി മനയാണ്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനസമയം. വാഴയിലയില്‍ ചോറിനൊപ്പം രസം, പരിപ്പ്, ഫ്രൈ, അച്ചാർ, സാലഡ്, തൈര്, പായസം എന്നിവയും മറ്റു കറികളും അടങ്ങുന്നതാണ് ഊണ്. ഇതു എത്ര വേണമെങ്കിലും കഴിക്കാം. എത്ര ചോദിച്ചാലും നിറചിരിയോടെ അജ്ജയും അജ്ജിയും വിളമ്പിത്തരും.
ഫുഡ് വ്ലോഗർ രക്ഷിത് റായിയാണ് ഇവരെക്കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 1.3 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. 'ഇവിടം എനിക്ക് ഒരു വൈകാരികമായ അനുഭവമാണ് സമ്മാനിച്ചത്. വളരെ മിതമായ നിരക്കിൽ ഹോംലി ഭക്ഷണം. അതിലുപരി ഈ വൃദ്ധ ദമ്പതികളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വാത്സല്യം അവിശ്വസനീയമാണ്. അവർ തീർച്ചയായും നമ്മളിൽ നിന്ന് കൂടുതൽ സ്നേഹം അർഹിക്കുന്നു. അവരുടെ ഊഷ്മളത നിങ്ങൾ അനുഭവിക്കും. അജ്ജ അജ്ജി മാനെ എന്നത് ഒരു ഭക്ഷണശാല എന്നതിലുപരി മറ്റൊന്നാണ്' വ്ലോഗർ കുറിച്ചു.