India
Kedarnath
India

കേദാർനാഥിലെ തിരക്കിൽ ഒറ്റപ്പെട്ടുപോയ വയോധികക്ക് തുണയായത് ഗൂഗിള്‍ ട്രാൻസ്‍ലേറ്റർ

Web Desk
|
12 May 2023 5:33 AM GMT

കൂടെ വന്നവരെ കാണാതെ വിഷമിച്ച ഇവർ കുഴഞ്ഞുവീണു

രുദ്രപ്രയാഗ്: കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിലെ കേദാര്‌നാഥിലേക്ക് തീർഥാനടത്തിന് എത്തിയതായിരുന്നു ആന്ധ്ര സ്വദേശിയായ 68 കാരി. എന്നാൽ കേദാർനാഥിലെ തിക്കിലും തിരക്കിലും പെട്ട് വയോധിക കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടു പോയി. കൂടെ വന്നവരെ കാണാതെ വിഷമിച്ച ഇവർ കുഴഞ്ഞുവീണു.

ചൊവ്വാഴ്ച രാത്രി ഗൗരികുണ്ഡ് പാർക്കിംഗ് ഏരിയയിൽ പൊലീസ് കണ്ടെത്തുമ്പോൾ അർധബോധാവസ്ഥയിൽ തളർന്ന് കിടക്കുകയായിരുന്നു. ഇവർക്കാകട്ടെ തെലുങ്കല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയില്ലായിരുന്നു. പൊലീസുകാർ ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം ആശയവിനിമയം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

തുടർന്ന് ആംഗ്യഭാഷയിലൂടെ വയോധികയെ പൊലീസ് സമാധാനിപ്പിച്ചു. കുടുംബത്തിനെ കണ്ടുപിടിച്ചുകൊടുക്കാമെന്നും ഉറപ്പ് നൽകി. പിന്നീട് അവർ പറയുന്നത് ഗൂഗിൾ ട്രാൻസ്‍ലേറ്ററിന്റെ സഹായത്തോടെ പൊലീസ് മനസിലാക്കി. വയോധിക തെലുങ്കിൽ പറഞ്ഞ ഫോൺ നമ്പർ മനസിലാക്കിടെയെടുത്ത് അതിൽ ബന്ധപ്പെട്ടു.കുടുംബം സോൻപ്രയാഗിലാണെന്നും വയോധികയെ കാണാത്തത്തിനെ തുടർന്ന് അന്വേഷണത്തിലാണെന്നും അവർ അറിയിച്ചു.

പിന്നീട് പൊലീസ് തന്നെ വയോധികക്ക് വാഹനം ഏർപ്പാട് ചെയ്യുകയും സോൻപ്രയാഗിലേക്ക് കൊണ്ടുപോകുകയും ചെയ്തു.തുടർന്ന് കുടുംബവുമായി ഇവരെ ഒന്നിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.


Similar Posts