അവസാനഘട്ട വോട്ടെടുപ്പ്; ജമ്മു കശ്മീരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
|ഏറ്റുമുട്ടൽ മേഖലയായ ജമ്മുവിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശ്രീനഗർ: അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് 40 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ്. ഇതോടൊപ്പം ജനം വിധിയെഴുതാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹരിയാനയിൽ സൗജന്യ വൈദ്യുതി ഉൾപ്പെടെ ഏഴു വാഗ്ദാനങ്ങൾ ഉറപ്പു നൽകി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ഇരു സംസ്ഥാനങ്ങളിലും അവസാനഘട്ട പ്രചാരണത്തിൽ ദേശീയ നേതാക്കളാണ് നേതൃത്വം നൽകുന്നത്.
ജമ്മു കശ്മീരിൽ അവസാനഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിധിയെഴുതുന്നത്. രണ്ടു ഘട്ടങ്ങളിലായി 52 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 61, 57 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ജമ്മു മേഖലയിയാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റുമുട്ടൽ മേഖലയായ ജമ്മുവിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കുൽഗാമിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തിരുന്നു. രണ്ട് ഭീകരർ കൊല്ലപ്പെടുകയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ഇന്നലെ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ജമ്മു കാശ്മീരിൽ പ്രചാരണ റാലികളിൽ പ്രസംഗിച്ചു. ഹരിയാനയിൽ 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സഹായം, സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് മിനിമം താങ്ങുവില, യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉൾപ്പെടെ ഏഴു വാഗ്ദാനങ്ങളാണ് കോൺഗ്രസ് ഉറപ്പ് നൽകുന്നത്.
അതേസമയം, ഹരിയാനയിലെ ഭരണവിരുദ്ധ വികാരം മറികടക്കാൻ രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളാണ് ബിജെപിയുടെ പ്രചാരണ ആയുധം. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഒക്ടോബർ എട്ടിനാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ.