ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും
|1995 മുതൽ ബിജെപി ഭരണത്തിൽ തുടരുന്ന ഗുജറാത്തിൽ ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ആം ആദ്മി പാർട്ടിയാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളികളായി രംഗത്തുള്ളത്.
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ ഒക്ടോബർ 14ന് ഹിമാചൽ പ്രദേശിൽ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹിമാചലിൽ നവംബർ 12ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൽ തങ്ങൾ മുൻ കാല മാതൃക പിന്തുടരുകയാണെന്നാണ് അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്. കൂടുതൽ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ച് പ്രഖ്യാപിച്ചാൽ ചിലർ ഫലം വരാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
1995 മുതൽ ബിജെപി ഭരണത്തിൽ തുടരുന്ന ഗുജറാത്തിൽ ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ആം ആദ്മി പാർട്ടിയാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളികളായി രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ അരവിന്ദ് കെജ്രിവാൾ ഗുജറാത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിനായി കോൺഗ്രസും യോഗം ചേർന്നിരുന്നു.