സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പ്
|ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യം
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും കുറ്റകൃത്യങ്ങളുടെ വിവരവും അറിയാന്‍ ആപ്പ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപന വേളയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ രാജിവ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ സ്ഥാനാര്‍ഥിയെ അറിയാം (know your candidate) എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുമെന്നും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാന്‍ സഹായിക്കുന്ന ആപ്പാണിതെന്നും തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ അറിയിച്ചു.
വോട്ടര്‍മാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ റെക്കോര്‍ഡുകളെക്കുറിച്ചും അവരുടെ സ്വത്തുക്കളും ബാധ്യതകളെക്കുറിച്ചും അറിയാന്‍ അവകാശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ അഭിപ്രായപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇലക്ഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ ക്യു ആര്‍ കോഡ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19നാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നടക്കും. നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നുമാണ്. ഏഴാം ഘട്ടം ജൂണ്‍ ഒന്നിന് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.