ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന
|ശിവകുമാർ എവിടെ ചെന്നാലും അവിടെ വെച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം
ബെംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. ഇന്നലെയും ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ബൈന്ദൂരിലെ ഹെലിപ്പാഡിൽ വെച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്..
മൂകാംബിക ദർശനത്തിന് ശേഷം ബൈന്ദൂരിലെത്തിയപ്പോഴായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് റാലിക്കായാണ് ശിവകുമാർ ബൈന്ദൂരിലെത്തിയത്. വന്നിറങ്ങിയപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തി വിമാനത്തിനുള്ളിൽ നിന്ന് ബാഗുകളും പേപ്പറുകളുമെല്ലാം പുറത്തെടുത്ത് പരിശോധിച്ചു. പരിശോധന അരമണിക്കൂറിലധികം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇന്നലത്തെ പോലെ തന്നെ സംശയാസ്പദമായി ഒന്നും ഇന്നും കണ്ടെത്താനായിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
ഇന്നലെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലാണ് ധരംശാലയിൽ വെച്ച് പരിശോധന നടത്തിയത്. ശിവകുമാർ എവിടെ ചെന്നാലും അവിടെ വെച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബിജെപി നേതാക്കളെ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ദിവസവും തന്റെ ഹെലികോപ്റ്റർ പരിശോധിക്കുകയാണെന്ന് ട്വിറ്ററിൽ ശിവകുമാർ കുറിപ്പും പങ്കു വച്ചിരുന്നു.