'ഇങ്ങനെ പറ്റില്ല, മാറ്റം വരുത്തണം': എ.എ.പിയുടെ പ്രചാരണഗാനത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
|രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള 'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാർട്ടി എം.എൽ.എ ദിലീപ് പാണ്ഡെയാണ്
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ (എ.എ.പി) പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ മാർഗനിർദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഗാനത്തിൽ മാറ്റംവരുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പാർട്ടിക്കും തിരിച്ചടിയായെന്ന് ആരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും മറ്റ് നേതാക്കളുടെയും അറസ്റ്റിനെച്ചൊല്ലി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റുമായി എ.എ.പി 'പോരിലാണ്'. ബി.ജെ.പിക്ക് വേണ്ടി സൃഷ്ടിച്ച കേസാണിതെന്നാണ് എ.എ.പി നേതാക്കള്‍ ആരോപിക്കുന്നത്. ഇതൊക്കെ ഉള്‍ക്കൊള്ളിച്ചാണ് ഗാനവും തയ്യാറാക്കിയത്.
“ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏർപ്പെടുത്തുന്നത് ഒരുപക്ഷേ ഇതാദ്യമാണെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. "ഗാനത്തിൽ ബി.ജെ.പിയെ പരാമർശിക്കുന്നില്ല, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്നും അതിൽ വസ്തുതാപരമായ വീഡിയോകളും സംഭവങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു. അതേസമം ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങളിൽ കമ്മീഷൻ നടപടിയെടുത്തിട്ടില്ലെന്നും അതിഷി, വ്യക്തമാക്കി.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള 'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാർട്ടി എം.എൽ.എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തുവിട്ടത്. ജയിലഴിക്കു പിന്നിൽ നിൽക്കുന്ന കെജ്‌രിവാളിന്റെ ചിത്രം പിടിച്ച് നിൽക്കുന്ന ജനക്കൂട്ടത്തെയും ഗാന രംഗത്തിൽ കാണാം.