'ആദ്യ വാതിൽ തുറന്നു'; നടൻ വിജയ്‌യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
|അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനു ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. നമ്മുടെ ആദ്യ വാതിൽ തുറന്നുവെന്ന് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ്. വിജയ് തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.
അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനു ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. നമ്മുടെ ആദ്യ വാതിൽ തുറന്നുവെന്ന് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കഴിഞ്ഞ മാസമാണ് വിജയ് പാർട്ടിയുടെ പതാക പുറത്തു വിട്ടത്. മഞ്ഞയും ചുവപ്പു നിറങ്ങളുടെ നടുവിൽ ആനകളും വാകപ്പൂവും ഉൾപ്പെടുത്തിയാണ് പതാക രൂപപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി രണ്ടിനായിരുന്നു പാർട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. നിയമപരമായ പരിശോധനകൾക്ക് ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയത്. അധികം വൈകാതെ പാർട്ടിയുടെ സമ്മേളനം പ്രഖ്യാപിച്ചേക്കും. അതേസമയം പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വെെകുന്നത് എന്നാണ് വിവരം.
ആദ്യ പൊതുസമ്മേളനം സെപ്‌തംബർ 23ന് വില്ലുപുരം ജില്ലയിൽ നടക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത് എന്നാണ് വിവരം. ആകാംക്ഷയോടെയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിലേക്ക് ആരാധകരും നോക്കുന്നത്.