ഒമിക്രോണ്‍ സാഹചര്യത്തില്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുമോ? നിര്‍ണായകയോഗം ഇന്ന്
|ഒമിക്രോൺ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവെച്ചുകൂടേയെന്ന് എന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു
ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തും. സംസ്ഥാനങ്ങളിലെ ഒമിക്രോൺ സാഹചര്യം വിലയിരുത്തിയ ശേഷമാകും വോട്ടെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷൻ സ്വീകരിക്കുക. തെരഞ്ഞെടുപ്പിനായി പ്രത്യേക പ്രോട്ടോക്കോളും കമ്മീഷൻ തയ്യാറാക്കും.
ഒമിക്രോൺ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവെച്ചുകൂടേയെന്ന് എന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് തെരഞ്ഞെടുപ്പിന് അനുകൂലമല്ലെങ്കിൽ കമ്മീഷൻ നിയമവിദഗ്ധരുമായി സംസാരിച്ച് തുടർ നടപടികൾ സ്വീകരിക്കും. നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തർപ്രദേശ് സന്ദർശിച്ച് ഒമിക്രോൺ സാഹചര്യം വിലയിരുത്തും. ഉത്തര്‍പ്രദേശിന് പുറമെ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഒമിക്രോണ്‍ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഡല്‍ഹിയില്‍ ഇന്നു മുതല്‍ നൈറ്റ് കര്‍ഫ്യു നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. കര്‍ണാടകയില്‍ നാളെ മുതല്‍ 10 ദിവസം നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 141 ആയി. ഡല്‍ഹിയില്‍ 79 പേര്‍ക്കും കേരളത്തില്‍ 57 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും 49 പേര്‍ക്ക് വീതമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.