India
കോൺഗ്രസില്‍ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് വെറും മാച്ച് ഫിക്‌സിങ്: ഗുലാം നബി ആസാദ്
India

കോൺഗ്രസില്‍ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് വെറും മാച്ച് ഫിക്‌സിങ്: ഗുലാം നബി ആസാദ്

Web Desk
|
30 Aug 2022 10:13 AM GMT

'ഹിന്ദു വോട്ട് കോൺഗ്രസിനൊപ്പമില്ല. പിന്നല്ലേ മുസ്‍ലിം വോട്ട്'

കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് പാര്‍ട്ടി വിട്ട ഗുലാംനബി ആസാദ്. നിലവിലെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് രീതിയോട് യോജിപ്പ് ഇല്ല. കോൺഗ്രസിനകത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് വെറും മാച്ച് ഫിക്‌സിങ് മാത്രമാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. ഹിന്ദു വോട്ട് കോൺഗ്രസിനൊപ്പമില്ല. പിന്നല്ലേ മുസ്‍ലിം വോട്ട്. രാജിയെ കുറിച്ച് എ കെ ആന്‍റണിയോട് സംസാരിച്ചിട്ടില്ല. അദ്ദേഹം സ്റ്റാറ്റസ്കോയുടെ ആളാണ്. അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണെന്നും പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ലെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ഉന്നത തീരുമാനമെടുക്കുന്ന സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിലവില്‍ അര്‍ത്ഥശൂന്യമാണ്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തുണ്ടായിരുന്ന കൂടിയാലോചന പ്രക്രിയ തകർക്കപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു- "നേരത്തെ സി.ഡബ്ല്യു.സി അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 സിഡബ്ല്യുസി അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളുമുണ്ടായി. 1998നും 2004നും ഇടയിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി പൂർണമായും കൂടിയാലോചന നടത്തിയിരുന്നു. അവർ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാൽ 2004ൽ രാഹുൽ ഗാന്ധി വന്നതിന് ശേഷം സോണിയാ ഗാന്ധി രാഹുൽ ഗാന്ധിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ കഴിവില്ലായിരുന്നു".

കോണ്‍ഗ്രസിനെ സജീവമാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ഒന്നിലധികം ഓർമപ്പെടുത്തലുകൾ രാഹുൽ ഗാന്ധി ശ്രദ്ധിച്ചില്ലെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഒരു പദ്ധതിയും നടപ്പിലാക്കിയില്ല. പിന്നീട് 2014ന് ശേഷവും താൻ അദ്ദേഹത്തെ പലതവണ ഓർമിപ്പിച്ചു. 9 വര്‍ഷമായി ആ ശിപാര്‍ശകള്‍ എഐസിസിയില്‍ കെട്ടിക്കിടക്കുന്നു. കോൺഗ്രസിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടത്തുന്നില്ലെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു.

2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ നടത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന മുദ്രാവാക്യം കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പാര്‍ട്ടിയിലെ ഒരു മുതിർന്ന നേതാവും ഈ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണക്കുന്നത് ആരെല്ലാമാണെന്ന് പാർട്ടി യോഗത്തിൽ രാഹുൽ ഗാന്ധി ചോദിച്ചപ്പോള്‍ നിരവധി മുതിർന്ന നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. മന്‍മോഹന്‍സിങും എ കെ ആന്‍റണിയും പി ചിദംബരവും താനും അവിടെയുണ്ടായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

"ഞങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത് ഇന്ദിരാഗാന്ധിയുടെ കീഴിലാണ്. ഞാൻ ജൂനിയർ മന്ത്രിയായിരിക്കെ അവർ എന്നെയും എം.എൽ ഫോട്ടേദാറിനെയും വിളിച്ച് അടൽ ബിഹാരി വാജ്‌പേയിയെ കാണണമെന്ന് പറഞ്ഞു. മുതിർന്നവരെ ബഹുമാനിക്കുകയും പ്രതിപക്ഷ നേതാക്കൾക്ക് തുല്യമായ ബഹുമാനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസം. മോദിയെ വലത്തും ഇടത്തും നടുവിലും നിന്ന് ആക്രമിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നയം. ഞങ്ങൾക്ക് ഇങ്ങനെ വ്യക്തിപരമായി പോകാനാവില്ല. മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർ ഉപയോഗിക്കേണ്ട ഭാഷ ഇതാണോ?"- ഗുലാം നബി ആസാദ് വിശദീകരിച്ചു.


Similar Posts