വികാരഭരിതനാകുന്നു, തെരഞ്ഞെടുപ്പ് ഫലം വിസ്മയകരം: നരേന്ദ്രമോദി
|''ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ ഞാൻ വളരെയധികം വികാരഭരിതനായി. ഗുജറാത്തിലെ ജനശക്തിയെ ഞാൻ നമിക്കുന്നു''
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ഫലം അത്ഭുതകരമാണെന്നും വിജയം സാധ്യമാക്കിയ ഓരോ പ്രവർത്തകനും ചാമ്പ്യന്മാരാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിൽ ബി.ജെ.പി ചരിത്ര വിജയം നേടിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ ഞാൻ വളരെയധികം വികാരഭരിതനായി. ഗുജറാത്തിലെ ജനശക്തിയെ നമിക്കുന്നു''-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പാർട്ടി പ്രവർത്തകരുടെ പ്രയത്നങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി അവരുടെ അസാധാരണമായ കഠിനാധ്വാനവും പരിശ്രമവും ഇല്ലാതെ ഈ വിജയം സാധ്യമാകില്ലെന്നും പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ജനവിധി ബി.ജെ.പിക്ക് തിരിച്ചടിയായി. മലയോര മേഖലയിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ''ബിജെപിയോടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. സംസ്ഥാനത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഞങ്ങൾ തുടർന്ന് പ്രവർത്തിക്കും''- പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയം സമ്മതിക്കുകയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു. 'ഞങ്ങൾ ഈ നിയോഗം വിനയത്തോടെ സ്വീകരിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും പ്രത്യേക നന്ദി. അഞ്ച് വർഷത്തെ സേവനത്തിന് സംസ്ഥാനത്തെ ജനങ്ങൾ നൽകിയതിന് നന്ദി. ഹിമാചലിന്റെ സർവതോന്മുഖമായ വികസനത്തിന് ഞങ്ങൾ എപ്പോഴും മുമ്പന്തിയിലുണ്ടായിരിക്കും,'' ജയ് റാം താക്കൂർ ട്വിറ്ററിൽ കുറിച്ചു.