കാൽലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പുകളിൽ; മണിപ്പൂരിലെ തെരഞ്ഞെടുപ്പിന് വെല്ലുവിളികളേറെ
|ജനങ്ങള്‍ തെരഞ്ഞെടുപ്പിനോട് മുഖംതിരിച്ചുനില്‍ക്കുന്ന സാഹചര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്നു
ഇംഫാല്‍: കാൽലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടത്തുക വെല്ലുവിളിയാണ്. പകുതിയോളം ബൂത്തുകളും പ്രശ്നബാധിതമായതിനാൽ ഇരുപത് കമ്പനി അർധസൈനിക വിഭാഗത്തെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. രണ്ട് ലോക്സഭാമണ്ഡലങ്ങൾ മാത്രമുള്ള മണിപ്പൂരിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കിയതും സുരക്ഷ പരിഗണിച്ചാണ്.
മണിപ്പൂരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശവാദം ഉന്നയിക്കുമ്പോഴും മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് വലിയ വെല്ലുവിളയായി തുടരുകയാണ്. 2,977 പോളിങ് ബൂത്തുകളാണ് മണിപ്പൂരില്‍ ഉള്ളത് .ഇതില്‍ 50 ശതമാനം ബൂത്തുകളും പ്രശ്നബാധിത മേഖലയിലാണ്. 20 കമ്പനി അര്‍ധ സൈനിക സംഘത്തെയാണ് ഈ മേഖലകളിൽ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇന്നര്‍ മണിപ്പൂരും ഔട്ടര്‍ മണിപ്പൂർ എന്നീ രണ്ട് ലോക്സഭ സീറ്റുകളാണ് മണിപ്പൂരിൽ ഉള്ളത്.
ഇന്നര്‍ മണിപ്പൂരും ഔട്ടര്‍ മണിപ്പൂരിലെ ചില പ്രദേശങ്ങളും ആദ്യ ഘട്ടത്തിലും ഔട്ടര്‍ മണിപ്പൂരിലെ ശേഷിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം ഘട്ടത്തിലുമാണ് വോട്ടെടുപ്പ് നടക്കുക.കലാപത്തിന് ഇരയായി അരലക്ഷത്തോളം പേർ ഇപ്പോഴും വിവിധ ക്യാമ്പുകളിലാണ് ഉള്ളത്. ഇതില്‍ പകുതിയോളം പേർക്കാണ് വോട്ടവകാശമുള്ളത്.ഇവര്‍ക്കായി 94 പോളിങ് ബൂത്തുകൾ അഭയാര്‍ഥി ക്യാമ്പുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുപ്പിനോട് മുഖംതിരിച്ചുനില്‍ക്കുന്ന സാഹചര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്നു. 2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടപ്പോൾ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു.