രാജ്യസഭാ തെരഞ്ഞെടുപ്പ്; റിസോർട്ടുകളിൽ നിന്ന് എം.എൽ.എമാർ എത്തി, വോട്ടു ചെയ്തു
|കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇ.ഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് വോട്ട് ചെയ്യാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല
റിസോർട്ടുകളിൽ ഇതുവരെ താമസിപ്പിച്ചിരുന്ന എം.എൽ.എ മാർ വരിവരിയായി നിയമസഭകളിൽ എത്തി വോട്ട് ചെയ്തു. കർണാടകയിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നു ആവശ്യപ്പെട്ടു ജെ.ഡി.എസ് എം.എൽ.എമാർക്ക് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ കത്തെഴുതിയത് വിവാദമായി. കർണാടകയിൽ നാലു സീറ്റുകളിലേക്ക് ആറു സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഭിന്നിച്ചു പോകുന്ന വോട്ട് ആരെ തുണയ്ക്കുമെന്നാണ് തർക്കം. ഓരോ സ്ഥാനാർത്ഥിക്കും ജയിക്കാൻ 41 വോട്ട് വേണമെന്നിരിക്കെ 32 വോട്ടുള്ള ജെ.ഡി.എസും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.
രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് വിജയം ഉറപ്പിച്ചിരുന്ന സീറ്റിലാണ് ബി.ജെ.പി മാധ്യമ ഉടമകളായ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണക്കുന്നത്. ഹരിയാനയിൽ വിജയിക്കാനുള്ള വോട്ട് ആയ 31 തന്നെയാണ് കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണവും. കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്ണോയി കലാപക്കൊടി ഉയർത്തിയത് അജയ് മാക്കന്റെ വിജയം തുലാസിലാക്കി. മഹാരാഷ്ട്രയിൽ ആറാം സീറ്റിനു വേണ്ടി ബി.ജെ.പിയും ശിവസേനയും തമ്മിലാണ് മത്സരം. രാജ്യസഭയിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ജയിലിൽ കിടക്കുന്ന മന്ത്രി നവാബ് മാലിക് അപേക്ഷ നൽകിയെങ്കിലും ഹൈക്കോടതി ജാമ്യം നിരസിച്ചു