India
arikomban

അരിക്കൊമ്പന്‍ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍

India

അരിക്കൊമ്പന്‍ ആരോഗ്യവാന്‍; ഭക്ഷണം വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്

Web Desk
|
8 Jun 2023 3:50 AM GMT

ആന ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചു

ചെന്നൈ: തിരുനെൽവേലി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചു.

നിലവില്‍ മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അത് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുന്ന അരിക്കൊമ്പനെ വീഡിയോയില്‍ കാണാം. അരിക്കൊമ്പന്‍റെ പുതിയ വീടിന്‍റെ ശാന്തതയും സൗന്ദര്യവും എന്നേക്കുമായി നിലനില്‍ക്കട്ടെയെന്നും സുപ്രിയ കുറിച്ചു.

ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്നാട് കേരള വനംവകുപ്പിനെ അറിയിച്ചിരുന്നു. മണിമുത്താറിൽ നിന്ന് ഏഴുമണിക്കൂറോളം വനപാതയിൽ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിലെത്തിച്ചത്. കാലിലും തുമ്പിക്കയിലും ഏറ്റ പരിക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലർച്ചവരെ ആനിമൽ ആംബുലൻസിൽ തന്നെ നിർത്തിയ്ത. തുടർന്നാണ് രാവിലെ അരിക്കൊമ്പനെ സ്വതന്ത്രനാക്കിയത്.വൈദ്യ സംഘമടക്കം അറുപതോളം ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. പുതിയ ആവാസ വ്യവസ്ഥയുമായി ആന പൊരുത്തപ്പെട്ടെന്ന് ബോധ്യമായാൽ ഉദ്യോഗസ്ഥർ കാടിറങ്ങും.

Similar Posts