ചക്രവര്‍ത്തിയും സേവകരും അരക്ഷിതരായതില്‍ ലജ്ജിക്കുന്നു; ബി.ബി.സി ഡോക്യുമെന്‍ററി വിലക്കിനെതിരെ മഹുവ മൊയ്ത്ര
|ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്‍ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ചക്രവർത്തിയും കൊട്ടാരം സേവകരും അരക്ഷിതരായതിൽ ലജ്ജിക്കുന്നുവെന്ന് മഹുവ ട്വിറ്ററില്‍ കുറിച്ചു. ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.
'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിയുടെ ആദ്യ എപ്പിസോഡിലേക്കുള്ള ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനും യൂട്യൂബിനും ഉത്തരവിട്ടതിന് പിന്നാലെയാണ് മഹുവയുടെ ട്വീറ്റ്. ബി.ബി.സിയുടെ ഷോ ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരെന്നും ടി.എം.സി എം.പി വിമര്‍ശിച്ചു. മഹുവ മൊയ്‌ത്രയുടെ പാർട്ടി സഹപ്രവർത്തകനും എംപിയുമായ ഡെറിക് ഒബ്രിയൻ ഉൾപ്പെടെയുള്ളവരുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
ഗുജറാത്ത് വംശഹത്യ സമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വംശഹത്യയിൽ പങ്കുണ്ടെന്നായിരുന്നു ഡോക്യമെന്ററിയിലെ ഉള്ളടക്കം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നുത്. രണ്ടാം ഭാഗം ചൊവ്വാഴ്ചയാണ് പുറത്തിറങ്ങുന്നത്. ഡോക്യുമെന്‍റിക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നാണ് ഇവരുടെ വാദം. മോദിയെയും കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്‍ററിക്ക് പിന്നിലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.
അതിനിടെ ഡോക്യുമെന്‍റി ഹൈദരാബാദ് സർവകലാശാല കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്. 200ഓളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.