India
പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടി പുതിയ സഖ്യം രൂപീകരിക്കുമോ? നിതീഷ് കുമാർ വിളിച്ച നിർണായക നേതൃയോഗം ഇന്ന്
India

പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടി പുതിയ സഖ്യം രൂപീകരിക്കുമോ? നിതീഷ് കുമാർ വിളിച്ച നിർണായക നേതൃയോഗം ഇന്ന്

Web Desk
|
9 Aug 2022 12:57 AM GMT

ജെ.ഡി.യു എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ പാറ്റ്നയിലെ യോഗത്തിൽ പങ്കെടുക്കും

പാറ്റ്ന: ബിഹാറിൽ ബി.ജെ.പിയുമായി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ നിതീഷ് കുമാർ വിളിച്ച നിർണായക നേതൃയോഗം ഇന്ന്. ജെ.ഡി.യു എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ പാറ്റ്നയിലെ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടി പുതിയ സഖ്യം രൂപീകരിക്കുമോ എന്നതിൽ ഇന്ന് വ്യക്തത വന്നേക്കും.

ബിഹാർ രാഷ്ട്രീയത്തിൽ ചൂടുപിടിച്ച ചർച്ചകൾ തുടരുകയാണ്. ജെ.ഡി.യു വിട്ട മുൻ കേന്ദ്ര മന്ത്രി ആർ.സി.പി സിംഗ് ബി.ജെ.പിയുമായി കൂടുതൽ അടുക്കുന്നതും മുഖ്യമന്ത്രിക്കെതിരെ നിലപാട് സ്വീകരിക്കുന്നതുമാണ് അതിവേഗം നേതൃയോഗം വിളിക്കാൻ നിതീഷ് കുമാറിനെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയതിന് സമാനമായി ആർ.സി.പി സിംഗിനെ ഉപയോഗിച്ച് ജെ.ഡി.യു പിളർത്താൻ ബിജെപി ശ്രമിക്കുന്നു എന്നും നിതീഷ് കുമാർ സംശയിക്കുന്നു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവുമായി സഖ്യമില്ലാതെ മത്സരിക്കണമെന്ന ആവശ്യം ബി.ജെ.പിയുടെ ബിഹാർ ഘടകത്തിനുണ്ട്. നിലവിൽ ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആണെങ്കിലും പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, ആർ.ജെ.ഡി, ഇടതു പാർട്ടികൾ എന്നിവരുമായി ചേർന്നാൽ നിതീഷ് കുമാറിന് സർക്കാർ രൂപികരിക്കാം. ഈ സാധ്യതകൾ എല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ആർ.ജെ.ഡിയും കോൺഗ്രസും ഇന്ന് നിർണായ യോഗങ്ങൾ ചേരുന്നുണ്ട്.

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച നിതീഷ് കുമാർ സോണിയയെ നേരിൽ കാണുന്നതിനായി സമയവും തേടി. ജാതി സെൻസസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ വിപരീത നിലപാട് സ്വീകരിച്ച നിതീഷ് കുമാറിനെതിരെ ബി.ജെ.പി ബിഹാർ നേതൃത്വവും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Similar Posts