'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് കാഴ്ചാ പരിമിതിയുള്ള മുസ്‌ലിം വൃദ്ധന് ക്രൂരമർദനം; താടി കത്തിച്ചു; രണ്ട് പേർ അറസ്റ്റിൽ
|ബൈക്കിൽ അടുത്തെത്തിയ പ്രതികൾ ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
ബെംഗളൂരു: ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ട് കാഴ്ചാ പരിമിതിയുള്ള മുസ്‌ലിം വയോധികനെ ക്രൂരമായി മർദിച്ചതായി പരാതി. തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന വൃദ്ധനാണ് മർദനമേറ്റത്. സംഭവത്തിൽ എഞ്ചിനീയറടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കോപ്പലിലാണ് സംഭവം.
കോപ്പലിലെ ഗംഗാവദി ടൗൺ സ്വദേശികളായ സാഗർ ഷെട്ടി കൽക്കി, സുഹൃത്ത് നരസപ്പ ഡനാകയാർ എന്നിവരാണ് പിടിയിലായത്. ഇതിൽ സാഗർ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. 65കാരനായ ഹുസൈൻ സാബിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ താടി ഗ്ലാസ് കഷ്ണം ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുകയും കത്തിക്കുകയും ചെയ്തു.
മഹബൂബാനഗർ സ്വദേശിയായ ഹുസൈൻ സാബ് നവംബർ 25ന് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷ കാത്തുനിൽക്കുമ്പോൾ ബൈക്കിൽ അടുത്തെത്തിയ പ്രതികൾ ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
തുടർന്ന് റെയിൽവേ പാലത്തിനടിയിൽ കൊണ്ടുപോയി മർദിക്കുകയും ഗ്ലാസ് കഷ്ണം ഉപയോഗിച്ച് താടി മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് പരാജയപ്പെട്ടപ്പോൾ ജയ് ശ്രീറാം വിളിക്കാൻ ആക്രോശിച്ച് താടി കത്തിച്ചെന്നും വൃദ്ധൻ പറയുന്നു. ക്രൂരമർദനത്തിനു ശേഷം കൈയിലുണ്ടായിരുന്ന പണം കവർന്ന പ്രതികൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
മർദനമേറ്റ് അവശനായ ഹുസൈൻ സാബ് പേടിച്ച് അന്ന് രാത്രി റെയിൽവേ പാലത്തിനടിയിൽ ചെലവഴിക്കാൻ നിർബന്ധിതനായി. രാവിലെ ഇതുവഴി വന്ന ആട്ടിടയന്മാരാണ് അദ്ദേഹത്തെ ശ്രദ്ധിച്ചത്. അവർ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഹുസൈൻ സാബ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഹുസൈൻ. മകൾക്കൊപ്പം ചെറിയ വീട്ടിലാണ് ഹുസൈൻ സാബ് താമസിക്കുന്നത്. കാഴ്ച കുറവായതിനാൽ കൊപ്പൽ, വിജയനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തിയാണ് ഇദ്ദേഹം ജീവിച്ചുവരുന്നത്.
അതേസമയം, ജയ് ശ്രീറാം വിളിക്കാൻ വൃദ്ധനെ യുവാക്കൾ നിർബന്ധിച്ചെന്ന ആരോപണത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കൊപ്പൽ പൊലീസ് സൂപ്രണ്ട് യശോധയുടെ വാദം.