ചൂടിൽനിന്ന് രക്ഷപ്പെടണം; കാർ ചാണകത്തിൽ പൊതിഞ്ഞ് ഡോക്ടർ
|ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്ന് അവകാശവാദം
കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ കാർ ചാണകത്തിൽ പൊതിഞ്ഞ് ഹോമിയോപ്പതി ഡോക്ടർ. മധ്യപ്രദേശിൽ നിന്നുള്ള സുശീൽ സാഗറാണ് ചൂടിൽ നിന്ന് രക്ഷ തേടി കാറിന്മേൽ ചാണകം പുരട്ടിയത്. ചാണകം നല്ല ഉഷ്ണ ശമനിയാണെന്നാണ് സുശീൽ സാഗറിന്‍റെ വാദം.
''കാറിന്റെ മുകളിലെ ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിനുള്ളിലെ താപനില വർധിക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് ഇങ്ങനെ സംഭവിക്കാറുണ്ട്. ചാണകപ്പൊടി പുരട്ടുന്നത് വഴി കാറിന്റെ ഉള്ളിലെ താപനില ഉയരില്ല. വേനൽക്കാലത്ത് കാറിനുള്ളിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഇതോടെ ഒഴിവാകുന്നു''- സുശീൽ സാഗർ പറഞ്ഞു.
ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കാറിലെ എസി യൂണിറ്റ് ഓൺ ചെയ്ത ഉടൻ തന്നെ കാറിനുള്ളിൽ കൂളിംഗ് ആരംഭിക്കാൻ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കും എന്നാണ് സുശീലിന്റെ വാദം. അല്ലാത്തപക്ഷം എസി ഓൺ ആക്കിയാലും കാറിനുള്ളിൽ കൂളിംഗ് ലഭിക്കാൻ കുറച്ചു സമയം എടുക്കും. കൂടാതെ കാറിനുള്ളിലെ എസി അലർജി ഉള്ളവർക്കും ചാണകം പുരട്ടിയ ഇത്തരം കാറുകളിൽ യാത്ര ചെയ്യുന്നതിലൂടെ ചൂടിനെ മറികടക്കാൻ കഴിയുമെന്നും സുശീൽ വാദിക്കുന്നു.
ഇദ്ദേഹത്തിന്റെ ആശയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സുശീലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഉണങ്ങിയ ചാണകം പെട്ടെന്ന് തീ പിടിക്കുന്ന വസ്തുവാണെന്നും ഗ്രാമീണ മേഖലകളിൽ ഇത് വിറകിന് പകരം ഉപയോഗിക്കാറുണ്ടെന്നും ഒരാൾ ചൂണ്ടിക്കാണിച്ചു.