'ഗ്യാൻവാപി വിഷയം ഉയർത്തുന്നത് ചില സംഘടനകൾ'; ലക്ഷ്യം സംഘർഷമുണ്ടാക്കലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ
|2024ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണ് നടക്കുന്നതെന്നും ഇ.ടി.മുഹമ്മദ് ബഷീർ ആരോപിച്ചു.
ഡൽഹി: ഗ്യാൻവാപി വിഷയം ഉയർത്തി കൊണ്ടുവരുന്നതിനു പിന്നിൽ ചില സംഘടനകളാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ. രാജ്യത്തെ വീണ്ടും സംഘർഷത്തിലേക്ക് നയിക്കുകയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യം തകർക്കുകയുമാണ് ഇവരുടെ ലക്ഷ്യം. 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണ് നടക്കുന്നതെന്നും ഇ.ടി.മുഹമ്മദ് ബഷീർ ആരോപിച്ചു.
ഗ്യാൻവാപി മസ്ജിദിൽ ബുധനാഴ്ച വരേ സർവേ നടപടികൾ നിർത്തിവെക്കാനാണ് സുപ്രിംകോടതി നിർദേശം. സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സർവേ സ്റ്റേ ചെയ്തത്.
വാരണാസി കോടതിയുടെ നിർദേശപ്രകാരമാണ് ഇന്ന് ഗ്യാൻവാപി മസ്ജിദിൽ സർവേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സർവേ നടത്താൻ അനുമതി നൽകിയത്. മസ്ജിദ് നിർമിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സർവേ നടത്താൻ തീരുമാനിച്ചത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സർവേ നടത്താനായിരുന്നു നീക്കം.