India
Ethics panel report on Mahua Moitra listed to be tabled today
India

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ

Web Desk
|
8 Dec 2023 3:33 AM GMT

എല്ലാ എംപിമാരോടും ലോക്‌സഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിപ്പ് നൽകി

ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം. മഹുവയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭ പരിഗണിക്കും. എല്ലാ എംപിമാരോടും ലോക്‌സഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും വിപ്പ് നൽകി.

പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. ഇതിൽ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് കുമാർ സോങ്കർ പാനലിന്റെ റിപ്പോർട്ട് ലോക്‌സഭയിൽ ഇന്ന് സമർപ്പിക്കും.സമിതിയുടെ ശിപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ.പക്ഷെ ലോക്‌സഭയിൽ ഭൂരിപക്ഷമുള്ള ബിജെപി മൊയ്ത്രയെ പുറത്താക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കഴിഞ്ഞു. എല്ലാ എംപിമാരോടും ലോക്‌സഭയിൽ ഉണ്ടാകണമെന്ന് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം മഹുവയെ അയോഗ്യതയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.എത്തിക്‌സ് കമ്മറ്റി നടപടിക്കെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർക്ക് കത്ത് അയച്ചിരുന്നു..പാർലമെന്റിൽ അദാനി ഗ്രൂപ്പിനെ കുറിച്ചും കേന്ദ്രസർക്കാരിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുവാൻ മഹുവ മൊയ്ത്ര കോഴവാങ്ങിയെന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.

Similar Posts