വെള്ളം കലർന്ന പരിപ്പ് കറിയും പാതി വെന്ത റൊട്ടിയും, ഇത് മൃഗങ്ങൾ പോലും തിന്നില്ല; മെസ്സിലെ ഭക്ഷണത്തെക്കുറിച്ച് യുപിയിലെ പൊലീസുകാരൻ
|ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം നാട്ടുകാരോട് പറഞ്ഞു.
ഫിറോസാബാദ്: പൊലീസുകാർക്കുള്ള മെസ്സിൽനിന്ന് ലഭിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന പൊലീസ് കോൺസ്റ്റബിളിന്റെ വീഡിയോ വൈറൽ. ഫിറോസാബാദ് ജില്ലയിലെ മനോജ് കുമാർ എന്ന പൊലീസുകാരനാണ് തനിക്ക് ലഭിച്ച റോട്ടിയും ചോറും പരിപ്പുകറിയും ഭക്ഷ്യയോഗ്യമല്ലാത്തതിന്റെ വിഷമം കൊണ്ട് നടുറോഡിൽ പൊട്ടിക്കരഞ്ഞത്.
ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം നാട്ടുകാരോട് പറഞ്ഞു. പരാതിപ്പെട്ടാൽ ജോലിയിൽനിന്ന് പുറത്താക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കലർന്ന പരിപ്പ് കറിയും പാതിവെന്ത റൊട്ടിയുമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസുകാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ പ്രത്യേക അലവൻസ് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷെ നീണ്ട മണിക്കൂറുകൾ ജോലി ചെയ്തു വരുമ്പോൾ ഇപ്പോഴും ലഭിക്കുന്നത് ഇത്തരത്തിലുള്ള ഭക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വീഡിയോയിൽ ഇയാൾ ഭക്ഷണ പ്ലേറ്റുമായി ഒരു ഡിവൈഡറിൽ ഇരിക്കുന്നതും കാണാം. മൃഗങ്ങൾ പോലും ഇത് കഴിക്കില്ലെന്നാണ് ഇയാൾ മറ്റുള്ളവരോട് പറയുന്നത്.
സഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഫിറോസാബാദ് പൊലീസ് ട്വീറ്റ് ചെയ്തു. മനോജ് കുമാർ നിരന്തരം അച്ചടക്കം ലംഘിക്കുന്ന ആളാണെന്നും 15 തവണ അദ്ദേഹം അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ടെന്നും ഫിറോസാബാദ് പൊലീസ് ട്വീറ്റ് ചെയ്തു.